വിലക്കയറ്റത്തിൽ ആടിയുലഞ്ഞ് അടുക്കള ബഡ്ജറ്റ്

Sunday 22 May 2022 3:28 AM IST

കിളിമാനൂർ: വിലക്കയറ്റത്തിൽ ആടിയുലഞ്ഞ് അടുക്കള ബഡ്ജറ്റ്. പാചകവാതക വില വർദ്ധനവ്,യാത്രാ നിരക്ക് തുടങ്ങിയവയിൽ വീർപ്പുമുട്ടി സാധാരണ ജനം കഴിയുമ്പോഴാണ് അടുക്കളയ്ക്ക് അത്യാവശ്യമായ അരി ഉൾപ്പെടെയുള്ള സകല അവശ്യസാധനങ്ങൾക്കും വില കുതിക്കുന്നത്.കൂടുതൽ ഡിമാൻഡുള്ള അരി ഇനങ്ങൾക്കെല്ലാം രണ്ട് മാസത്തിനിടെ 8 മുതൽ 12 രൂപ വരെ വർദ്ധിച്ചപ്പോൾ, ചില പച്ചക്കറി ഇനങ്ങളുടെ വില വർദ്ധിച്ചത് ഇരട്ടിയിലേറെ.

രണ്ട് മാസം മുമ്പ് കിലോഗ്രാമിന് 38 രൂപ വിലയുണ്ടായിരുന്ന മട്ട അരിക്ക് കഴിഞ്ഞ ദിവസം വില 46 രൂപയായി. അടുത്ത കാലങ്ങളിൽ വരെ 100 രൂപയ്ക്ക് 5 കിലോ കിട്ടിക്കൊണ്ടിരുന്ന തക്കാളിക്ക് ശരാശരി വില 81 രൂപ. ബീൻസും മുരിങ്ങയ്ക്കയും നൂറ് കടന്നു. ഏത്തൻകായ് കിലോയ്ക്ക് 60 മുതൽ 70 രൂപ വരെയായി. ജയ അരി 32ൽ നിന്നും 39 ആയപ്പോൾ ആന്ധ്രയിൽ നിന്നുള്ള വെള്ള അരി 30ൽ നിന്നും 38 ആയി.

രണ്ട് മാസം മുൻപ് കൂടിയ വറ്റൽ മുളക്, ചെറിയ ഉള്ളി, മഞ്ഞൾ, പയർ വർഗങ്ങൾ എന്നിവയുടെയെല്ലാം വില കൂടുന്നതല്ലാതെ കുറയുന്നില്ല. ആന്ധ്രയിലും ഉത്തരേന്ത്യയിലും കടുത്ത വേനൽ കാരണമുണ്ടായ കൃഷി നാശമാണ് അരിക്കും പലവ്യജ്ഞനത്തിനുമൊക്കെ വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മഴയും ഇന്ധനവില വർദ്ധനയും കാരണം ചരക്ക് കൂലി കൂടിയതുമാണ് പച്ചക്കറി വില പിടിവിട്ട് കുതിക്കാൻ കാരണം. സവാള വില 20 രൂപയിൽ താഴെ പോയത് മാത്രമാണ് ആശ്വാസം.

Advertisement
Advertisement