18 രൂപ കൂട്ടിയ ശേഷം എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമല്ല; യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ധനനികുതിയുമായി താരതമ്യം ചെയ്ത് സുർജെവാല

Saturday 21 May 2022 8:36 PM IST

ന്യൂഡൽഹി: 18.42 രൂപ ഇന്ധനനികുതി ഇനത്തിൽ വർദ്ധിപ്പിച്ച ശേഷം എട്ട് രൂപ കുറയ്ക്കുകയാണ് ബിജെപി സർക്കാർ ഇപ്പോൾ ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല. യുപിഎ സർക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താൽ ഇപ്പോഴും ഇന്ധനനികുതി 19.90 രൂപ കൂടുതലാണെന്നും പറഞ്ഞ സുർജെവാല 2014 മേയിൽ കേന്ദ്ര സർ‌ക്കാർ പെട്രോളിന് ഈടാക്കിയിരുന്നത് വെറും 9.48 രൂപയാണെന്നും ഓർമിപ്പിച്ചു. എന്നാൽ 2022 മേയ് ആകുമ്പോൾ പെട്രോളിന്റെ ഇന്ധനനികുതി ഇനത്തിൽ മാത്രം 27.90 രൂപ കേന്ദ്രം ഈടാക്കുന്നുണ്ടെന്ന് സു‌ജെവാല ആരോപിച്ചു.

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ധനം ഉൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ കേന്ദ്ര നികുതി കുറച്ചതിന് പിന്നാലെ ട്വിറ്ററിലാണ് സുർജെവാല തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

പെട്രോൾ നികുതിയിൽ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പെട്രോൾ വിലയിൽ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്സിഡിയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.