പെയിന്റ് വില കുതിക്കുന്നു

Sunday 22 May 2022 12:26 AM IST

വൻകിട കമ്പനികൾ വില കൂട്ടി

ആലപ്പുഴ : അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില വർദ്ധനവിനെത്തുടർന്ന് വൻകിട കമ്പനികൾ വിവിധ ഇനം പെയിന്റുകളുടെ വില വർദ്ധിപ്പിച്ചത് വീടു നിർമ്മിക്കുന്നവരെ ദോഷകരമായി ബാധിക്കുന്നു. ഒരുവർഷത്തിനിടെ അഞ്ചു തവണകളിലായി ലിറ്ററിന് അഞ്ച് മുതൽ 30 ശതമാനം വരെയാണ് പെയിന്റിന് വില കമ്പനികൾ വർദ്ധിപ്പിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.

അവസാനത്തെ വർദ്ധനവ് ഈമാസം ആദ്യമാണ് നിലവിൽ വന്നത്. വീടു വയ്ക്കുന്ന സാധാരണക്കാരുടെ നടുവൊടിക്കും വിധമാണ് വിലവർദ്ധനവ്. 5,10,20 ലിറ്ററുകളുടെ ബക്കറ്റുകളിലാണ് പെയിന്റ് എത്തുന്നത്. കളറിന്റെ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ലൈറ്റ് കളറിലെ പത്ത് ലിറ്റർ പെയിന്റിന് 4500രൂപയായിരുന്നത് ഇപ്പോൾ 7500രൂപയിൽ എത്തി. വില വർദ്ധനവ് തുടരുന്നതിനാൽ കുറഞ്ഞ ചെലവിൽ വെള്ളപൂശി താമസിക്കുന്നതിനായി വീടുകൾ തയ്യാറാക്കുന്ന സാഹചര്യമാണ് പലയിടത്തും. ഇത് പെയിന്റിംഗ് തൊഴിലാളികളുടെ തൊഴിൽ സാദ്ധ്യതയും കുറയ്ക്കും. പഴയ വീടുകൾ വീണ്ടും പെയിന്റു ചെയ്യാനും ഉടമകൾ മടിക്കുന്ന സാഹചര്യമാണുള്ളത്.

വില വർദ്ധന ഇങ്ങനെ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പെയിന്റുകൾക്ക് വലിയ വിലവർദ്ധന ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ സാമ്പത്തിക വർഷത്തിൽ ഒട്ടുമിക്ക കമ്പനികളും അവരുടെ ഉത്പന്നങ്ങളുടെ വില കൂട്ടി. എമൽഷനുകളുടെ വിലയിൽ മേയ് ആദ്യവാരത്തിൽ തന്നെ മൂന്ന് മുതൽ നാല് ശതമാനം വരെയാണ് വർദ്ധനവുണ്ടായത്. വുഡ് കോട്ടിംഗുകളുടെ വില ഒമ്പത് ശതമാനം വരെ കൂട്ടി.

മേയ് ആദ്യവാരം കൂടിയത് : 3-4%

ഇനിയും കൂടും

വാട്ടർ പ്രൂഫിംഗ് ഉത്പന്നങ്ങളുടെ വില അടുത്തമാസം മുതൽ കൂട്ടാനാണ് പെയിന്റ് കമ്പനികൾ ലക്ഷ്യമിടുന്നത്. എക്കോണമി എമൽഷനുകളുടേയും പ്രൈമറുകളുടേയും വിലയും വർദ്ധിക്കും. പെയിന്റ് നിർമ്മാണത്തിലെ അസംസ്കൃത വസ്തുക്കളായ ടൈറ്റാനിയം ഡയോക്‌സൈഡ്, ക്രൂഡ് അടിസ്ഥാനമായ മോണോമെറുകൾ എന്നിവയുടെ വലിയിൽ ഒരു വർഷത്തിനിടെ 15 മുതൽ 20 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. അസംസ്‌കൃത വസ്തുക്കളുടെ വില ഇനിയും കൂടാനാണ് സാധ്യത.

"ലിറ്ററിന് 100 മുതൽ 250രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് അധിക സാമ്പത്തിക ബാദ്ധ്യതയാകുന്നതിനാൽ പുതുതായി നിർമ്മിക്കുന്ന പല വീടുകളും വെള്ള പൂശലിൽ ഒതുങ്ങുന്നത് പെയിന്റിംഗ് തൊഴിൽ മേഖലയെ ബാധിച്ചിട്ടുണ്ട്.

-സഹദേവൻ, തോട്ടപ്പള്ളി

"കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ വൻകിട കമ്പനികൾ 30ശതമാനം വരെ വില വർദ്ധിപ്പിച്ചു. വില്പന കുറഞ്ഞതിനാൽ പലപ്പോഴും ലാഭം കുറച്ച് വില്പന നടത്തേണ്ട അവസ്ഥയാണുള്ളത്. വൻകിട കമ്പനിക്കാർ വലിയ തുകയാണ് പെയ്ന്റിന്റെ ബക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപഭോക്താക്കളെ വലക്കും.

-സംഗീത്, പെയിന്റ് കട ഉടമ, ആലപ്പുഴ

Advertisement
Advertisement