ആറുവയസ്സുകാരിയുടെ കൊലപാതകം; ഒന്നാംഘട്ട വിചാരണ പൂർത്തിയായി

Sunday 22 May 2022 3:42 AM IST

കട്ടപ്പന : വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതക കേസിലെ ആദ്യഘട്ട വിചാരണ പൂർത്തിയായി.കേസിൽ ഇതുവരെ 9 പേരെ വിസ്തരിച്ചു.കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമുൾപ്പടെയാണ് കട്ടപ്പന ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ വിസ്തരിച്ചത്.വിശദമായ ക്രോസ് വിസ്താരം നടന്നതിനാൽ ആദ്യ ഘട്ടത്തിൽ കൂടുതൽ സമയം വേണ്ടി വന്നു.62 സാക്ഷികളുള്ള കേസിൽ രണ്ടാംഘട്ട വിസ്താരം 30 ന് ആരംഭിക്കും.രണ്ടാംഘട്ടം ഒരു ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ .അതേ സമയം പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമവും ഉൾപ്പെടുത്തണമെന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം
വിചാരണ കോടതി തള്ളിയ സാഹചര്യത്തിൽ റിവിഷൻ ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിക്കും.കേസിൽ ജൂൺ മാസം ആദ്യം വിധി പറയുമെന്നാണ് സൂചന.സ്‌പെഷ്യൽ ജഡ്ജി ഫിലിപ്പ് തോമസാവും കേസിൽ വിധി പറയുക.2021 ജൂൺ 30നാണ് എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂലായിൽ അയൽവാസിയായ അർജുൻ അറസ്റ്റിലായത്.പെൺകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അന്വേഷണ റിപ്പോർട്ടിലുണ്ട്.

Advertisement
Advertisement