തൃക്കാക്കരയിൽ തോൽക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് : വി.ഡി. സതീശൻ

Sunday 22 May 2022 12:52 AM IST

കൊച്ചി: തൃക്കാക്കരയിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മനസിലാക്കിയതിനാലാണ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ച തൃക്കാക്കരയിൽ നിന്നപ്പോൾ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു.

ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ തൃക്കാക്കരയിൽ വോട്ട് പിടിക്കാൻ പോകുന്നതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. മന്ത്രിമാരുടെ പര്യടനം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ആവശ്യമായ തെളിവും കൈയിലുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്തത് എതിരായി മാറിയെന്ന് മനസിലായതിനാലാണ് സർക്കാർ പിന്നാക്കംപോയത്.

അടുത്തമാസത്തെ ശമ്പളം കൊടുക്കാൻ കാശില്ലാത്ത അവസ്ഥയിലും രണ്ടുലക്ഷം കോടിയുടെ സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്ന പിണറായി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുകയാണ്. സിൽവർലൈൻ പദ്ധതിക്കായി കല്ലിട്ടാൽ യു.ഡി.എഫ് ജനങ്ങൾക്കൊപ്പംനിന്ന് പിഴുതെറിയും.

വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർതന്നെ സമ്മതിച്ചു. പി.സി. ജോർജിനെതിരെ കോടതിയിൽ കൊടുത്ത എഫ്.ഐ.ആറിൽ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്‌ട്രേട്ട് തന്നെ വ്യക്തമാക്കി. കോടതിക്ക് പുറത്തും തൃക്കാക്കരയിലും പി.സി. ജോർജ് വിദ്വേഷപ്രസംഗം ആവർത്തിച്ചു. തിരഞ്ഞെടുപ്പിനുമുമ്പ് വീണ്ടും അറസ്റ്റ് നാടകം നടത്താനുള്ള തിരക്കഥയാണ് ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള പ്രസംഗം ആര് നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നതാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement