വേതനം വേദന മാത്രം

Saturday 21 May 2022 11:10 PM IST

തൃശൂർ: രാവും പകലും തോരാതെ പൂരം പെയ്തിറങ്ങിയപ്പോൾ മഴ കൂസാതെ രാപ്പകലില്ലാതെ പണിയെടുത്ത കുടുംബശ്രീ ശുചീകരണ തൊഴിലാളികൾക്ക് വേതനം വേദന മാത്രം. കൃത്യസമയത്ത് ശമ്പളമേയില്ല. ശമ്പള വർദ്ധനവിന്റെ കാര്യം പറയുകയേ വേണ്ട. 2003ൽ കുടുംബശ്രീ ആരംഭിച്ച ശേഷം 2005ൽ താത്കാലിക ജീവനക്കാരായ ഭൂരിഭാഗം പേരും ഇപ്പോഴും താത്കാലികക്കാർ തന്നെ. 17 വർഷം പിന്നിട്ടിട്ടും 425 രൂപയാണ് വേതനം.

കോർപറേഷന്റെയും ടൂറിസത്തിന്റെയും കീഴിലാണ് ജോലി. ടൂറിസം വകുപ്പും കോർപറേഷനും ചേർന്ന് രണ്ട് തവണയായാണ് ശമ്പളം നൽകുക. കിട്ടുന്നതോ വളരെ വൈകിയും. ടൂറിസം വകുപ്പ് കൃത്യമായി നൽകുന്നുണ്ടെങ്കിലും കോർപറേഷന്റെ കാര്യം അങ്ങനെയല്ല. 2018ൽ ഇതിനെതിരെ സമരം ചെയ്ത 25 തൊഴിലാളികളുടെ വേതനം കോർപറേഷൻ പിടിച്ചു വെച്ചിരിക്കുകയാണ്. പച്ചക്കോട്ട് അടക്കം പണിയായുധങ്ങൾ നൽകിയത് ടൂറിസം വകുപ്പാണ്. കോർപറേഷൻ മഴക്കോട്ടോ തൊപ്പിയോ പോലും നൽകിയില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

ജോലിസമയം പേരിന്

ജോലിസമയം ഉച്ചവരെയാണെങ്കിലും പൂരം ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളിൽ രാപ്പകലില്ലാതെ പണിയെടുക്കണം. നിലനിൽപ്പ് ഭയന്ന് പ്രതികരിക്കാതിരിക്കാൻ പോലും പലർക്കും ഭയം. തൃശൂർ പൂരത്തിന് പൂര മൈതാനവും റൗണ്ട് പരിസരവും വൃത്തിയാക്കിയതിന് പലരും പ്രശംസിച്ചെങ്കിലും അധികജോലിക്ക് കൂലി ലഭിച്ചിട്ടില്ല. പൂരദിവസങ്ങളിൽ രാത്രി വൈകിയും പണിയെടുത്തിരുന്നു.


2005ൽ 50 രൂപ ദിവസക്കൂലിക്ക് പണി തുടങ്ങിയവരാണ് ഞങ്ങൾ. അക്കാലത്ത് തേക്കിൻകാട് ശരിക്കും കാടായിരുന്നു. ആന നിന്നാൽ പോലും കാണില്ല. ഭംഗിയാക്കിയത് ഞങ്ങളാണ്.


ഒരു തൊഴിലാളി

Advertisement
Advertisement