പാത ഇരട്ടിപ്പിക്കൽ: കുടുങ്ങിയത് മലബാറിലെ യാത്രക്കാർ

Sunday 22 May 2022 12:14 AM IST
കോ​ട്ട​യം​ ​ഭാ​ഗ​ത്ത് ​പാ​ത​ ​ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ട്രെ​യി​നു​ക​ൾ​ ​റ​ദ്ദാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ഏ​റ​നാ​ട് ​എ​ക്സ്‌​പ്ര​സി​ൽ​ ​ക​യ​റാ​നു​ള്ള​ ​യാ​ത്ര​ക്കാ​രു​ടെ​ ​തി​ര​ക്ക്.

കോഴിക്കോട്: പെരുമഴയും റോഡ്‌ നവീകരണവും യാത്രക്ലേശം രൂക്ഷമാക്കിയതിന് പുറമെ ട്രെയിൻ യാത്രയ്ക്കും പൂട്ട്. ചിങ്ങവം- കോട്ടയം പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയതാണ് മലബാറിലെ യാത്രക്കാർക്ക് തിരിച്ചടിയായത്. മലബാറുകാർ പ്രധാനമായും ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്‌പ്രസുകൾ താത്ക്കാലികമായിട്ടാമെങ്കിലും സർവീസ് മുടക്കിയത് കുറച്ചൊന്നുമല്ല യാത്രാ ദുരുതമുണ്ടാക്കിയത്. അതിനിടെ യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ ആവശ്യത്തെ തുടർന്ന് പരശുറാം ഷൊർണൂർ മുതൽ മംഗലാപുരം വരെ സർവീസ് നടത്താൻ തീരുമാനിച്ചത് ആശ്വാസമായിട്ടുണ്ട്.

കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി 21 മുതൽ 28 വരെയും തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി 22 മുതൽ 27 വരെയും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ് പ്രസ് 24 മുതൽ 28 വരെയും റദ്ദാക്കിയിട്ടുണ്ട്. ട്രെയിനുകളുടെ യാത്രാ ക്രമീകരണം മലബാറിലെ സ്ഥിരം യാത്രക്കാരെയും വിദഗ്ധ ചികിത്സയ്ക്കും മറ്റുമായി യാത്ര ചെയ്യുന്നവരെയുമാണ് ഏറെ ബാധിക്കുക. കോട്ടയത്ത് പണി നടക്കുന്നതിന്റെ പേരിൽ ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. മലബാറിലെ വലിയൊരുവിഭാഗം ഓഫീസ് ജീവനക്കാരും സാധാരണക്കാരും ആശ്രയിക്കുന്ന ജനശതാബ്ദി ആലപ്പുഴ വഴി സർവീസ് നടത്തുന്നതിനോ എറണാകുളം വരെ സർവീസ് നടത്തുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സർവീസുകൾ നിർത്തലാക്കിയത് മറ്റു ട്രെയിനുകളിലെ തിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് നേരത്തെ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. പക്ഷേ, ദീർഘദൂര യാത്രക്കാർക്ക് ബദൽ സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്‌നമായിരിക്കുന്നത്. കണ്ണൂർ- എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദി ഓടിച്ച് യാത്രാ ദുരിതം കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രാക്കാരെ വലയ്ക്കുന്ന ക്രമീകരണത്തിന് ബദൽ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ ദക്ഷിണ റെയിൽവേയ്ക്കുൾപ്പെടെ കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോടും ആവശ്യപ്പെട്ടു. ബദൽ സംവിധാനമേർപ്പെടുത്താതെ യാത്രക്കാരെ പെരുവഴിയിലാക്കുന്ന റെയിൽവേയുടെ സമീപനം നീതീകരിക്കാനാവില്ലെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു.

Advertisement
Advertisement