ഇനിയും സഹിക്കാനാവില്ല, കിരൺ മർദിച്ചെന്ന് കരഞ്ഞുകൊണ്ട് വിസ്മയ; ശബ്‌ദരേഖ പുറത്ത്
കൊല്ലം: വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയാനിരിക്കെ കിരൺകുമാറിൽ നിന്നും നേരിട്ട പീഡനങ്ങൾ വിസ്മയ പിതാവിനോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. ഭർത്താവ് കിരൺ മർദിച്ചതായി കരഞ്ഞുകൊണ്ട് വിസ്മയ പറയുന്നു.
'ഇവിടെ നിർത്തിയിട്ട് പോവുകയാണെങ്കിൽ എന്നെ കാണത്തില്ല, എനിക്ക് പറ്റത്തില്ല അച്ഛാ, സഹിക്കാൻ കഴിയുന്നില്ല.' ഇതാണ് വിസ്മയ പറയുന്നത്. ഈ ശബ്ദരേഖ നേരത്തേ വിചാരണവേളയിൽ കോടതിക്ക് മുമ്പാകെ എത്തിയെങ്കിലും മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നത് ഇന്നാണ്. വിവാഹം കഴിഞ്ഞ് ഒമ്പതാം ദിവസമാണ് വിസ്മയയും പിതാവുമായുള്ള ഈ സംഭാഷണം നടക്കുന്നത്.
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് നാളെ വിധി പ്രഖ്യാപിക്കുന്നത്. ഏഴ് വകുപ്പുകളാണ് പ്രതിയായ കിരൺകുമാറിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് വിചാരണ പൂർത്തിയായി വിധി പറയുന്നത്. 42 സാക്ഷികളും, 120രേഖകളും, 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമാണ്. ജനുവരി പത്തിനാണ് കേസിൽ വിചാരണ ആരംഭിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 21നാണ് കിരണിന്റെ ശാസ്താംനടയിലെ വീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്.