വിലകൂടിയതോടെ കള്ളന്മാരുടെ കണ്ണ് ഇപ്പോൾ മീനിൽ, കടതകർത്ത് കൊണ്ടുപോയത് ആയിരക്കണക്കിന് രൂപയുടെ ഉണക്കമീൻ
Sunday 22 May 2022 11:31 AM IST
കുന്നംകുളം: ചൊവ്വന്നൂരിൽ ഉണക്കമീൻകടയിൽ മോഷണം. ചൊവ്വന്നൂർ അറേബ്യൻ പാലസിന് എതിർവശത്തെ ചക്കര ഉണക്കമീൻ കടയിലാണ് മോഷണം നടന്നത്. മരത്തംക്കോട് സ്വദേശി കല്ലായി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഉണക്കമീൻ കട രണ്ടാഴ്ച മുമ്പാണ് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് അടച്ച കട ശനിയാഴ്ച രാവിലെ 8 മണിക്ക് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഇരുമ്പ് നെറ്റും പൈപ്പും ഉയോഗിച്ച് നിർമിച്ച കടയായിരുന്നു. കടയിലുണ്ടായിരുന്ന 15,000 രൂപയോളം വിലവരുന്ന വലിയ മീനുകളും 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കുന്നംകുളം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുന്നംകുളം പ്രൊബേഷൻ എസ്.ഐ നിധിൻ, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.