'കേസൊന്നും ഒരു പ്രശ്‌നമല്ല, സുഖമായി ഇറങ്ങിപ്പോരും'; തെളിവെടുപ്പിനിടെ കൂസലില്ലാതെ ഷൈബിൻ അഷ്‌റഫ്, നാട്ടുവൈദ്യന്റെ ശരീരാവശിഷ്‌ടങ്ങൾക്കായി പുഴയിൽ തിരച്ചിൽ
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലിയ്‌ക്ക് വേണ്ടി നാട്ടുവൈദ്യനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെ നിലമ്പൂരെ മുക്കട്ടയിലുളള വീട്ടിലെത്തിച്ച് തെളിവെടുത്തു. ഒരു വർഷത്തോളം കർണാടക സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഈ വീട്ടിൽ ബന്ദിയാക്കി ശേഷം പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.
വൈദ്യനെ ബന്ദിയാക്കി മർദ്ദിച്ച മുറിയിലും പിന്നീട് മരിച്ചതോടെ മൃതദേഹം വെട്ടിമുറിച്ച ടൊയ്‌ലറ്റിലും വീട്ടുപരിസരത്തുമാണ് ഇന്ന് തെളിവെടുത്തത്.ഇതിനുശേഷം ജീപ്പിലേക്ക് കയറവെ ഈ കേസൊന്നും ഒരു പ്രശ്‌നമല്ലെന്നും താൻ സുഖമായി ഇറങ്ങിവുമെന്ന് ഷൈബിൻ പ്രതികരിച്ചു.
ഷാബാ ഷെരീഫിന്റെ മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രതികൾ വിശ്രമിച്ച ലോഡ്‌ജിൽ തെളിവെടുപ്പ് നടന്നു. മൃതദേഹം ഉപേക്ഷിച്ച ചാലിയാർ പുഴയിലെ സീതിഹാജി പാലത്തിന് സമീപം ശരീരാവശിഷ്‌ടങ്ങൾക്കായി നാവികസേന തിരച്ചിൽ ഇന്നും തുടരുകയാണ്. ഇവിടെ നിന്നും കവറിൽ എല്ലിൻകഷ്‌ണം ലഭിച്ചു. എന്നാൽ ഇത് മനുഷ്യന്റെ അവശിഷ്‌ടമാണോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. ശാസ്‌ത്രീയ പരിശോധനയ്‌ക്ക് ശേഷമേ ഈ കാര്യം വ്യക്തമാകൂ. ഇന്നലെ അഞ്ച് മണിക്കൂറോളം പരിശോധന നടന്നു. നാളെയും പരിശോധനയുണ്ടാകും.