അധിനിവേശങ്ങളുടെ ഇന്ത്യ, ബ്രിട്ടീഷ് സാമ്രാജ്യത്വവും ഇന്ത്യയിൽ ഭയന്നത് വർഗീയതയെ | VIDEO

Sunday 22 May 2022 6:30 PM IST

അധിനിവേശങ്ങളുടെ കുളമ്പടിപ്പാടുകളുണ്ട് കാശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന ഇന്ത്യയുടെ വിശാലഭൂമിയിലെങ്ങും. ഇന്ത്യൻ യൂണിയൻ എന്ന ആശയത്തോട് ചേരുന്നതല്ല ഈ അശ്വമേധങ്ങളുടെ ബാക്കിപത്രങ്ങൾ. ചരിത്രം മൂടിയവയെ മാന്തിപുറത്തെടുമ്പോൾ തർക്കമുണ്ടാകും. ഇവ മുന്നിൽക്കണ്ടാണ് ഭരണഘടനയിൽ ജാതിക്കും മതത്തിനും ആരാധനയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും കൃത്യമായ നിർവചനങ്ങൾ ഉൾക്കൊള്ളിച്ചത്.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ 2019 നവംബറിലെ സുപ്രീംകോടതി വിധി, സ്വാതന്ത്ര്യത്തിന് മുൻപ് തുടങ്ങിയ ഒരു തർക്കത്തിന് വിരാമമിടലായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തോടൊപ്പം ഉയർന്നുവന്ന്, ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ എന്നത്തെയും തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പായത്. ഉത്തർപ്രദേശിലും മറ്റിടങ്ങളിലുമുള്ള സമാനമായ തർക്കങ്ങളെ വിധി സ്വാധീനിക്കില്ലേ എന്ന ചോദ്യം ഉയർന്നു. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളി, മഥുരയിൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതുന്ന ഭാഗത്തെ ഷാഹി പള്ളി എന്നിവയുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ട്.