അടിമലത്തുറ ബീച്ചും ടൂറിസം ഭൂപടത്തിലേക്ക്

Monday 23 May 2022 3:42 AM IST

വിഴിഞ്ഞം: രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻപദ്ധതി തയ്യാറാകുന്നു. ഒപ്പം അടിമലത്തുറ ബീച്ചും ഇനി ടൂറിസം ഭൂപടത്തിലേക്ക്. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയർത്താൻ കഴിയുന്ന തരത്തിലുള്ള ഡിസൈൻ തയ്യാറാക്കും. പദ്ധതിക്ക് രൂപം നൽകുമ്പോൾ സംസ്ഥാനത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന തരത്തിൽ തയ്യാറാക്കണമെന്നാണ് മന്ത്രി അധികൃതരോട് നിർദ്ദേശിച്ചിട്ടുള്ളത്.

പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത് ജില്ലാ കളക്ടർ നവജ്യോത് ഖോസയെ പദ്ധതി നോഡൽ ഓഫീസറായി നിശ്ചയിച്ചു. കോവളത്തെ ബീച്ചും പരിസരവും കൂടുതൽ സൗന്ദര്യവത്കരിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തിൽ തയ്യാറാക്കും. ജൂലായ് മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കി നൽകാനാണ് നിർദ്ദേശം. ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ സ്ഥലസൗകര്യങ്ങൾ കണ്ടെത്താൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കൂടുതൽ ഭൂമി ലഭ്യമാക്കുന്നതിന് തിരുവനന്തപുരം നഗരസഭ അധികൃതരുമായി ചർച്ച നടത്തും.

Advertisement
Advertisement