ആകാംക്ഷ നിറച്ച് എ ലോൺ ടീസർ
Monday 23 May 2022 6:32 AM IST
മോഹൻലാൽ- ഷാജികൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എ ലോൺ ടീസർ പുറത്തിറങ്ങി. യഥാർത്ഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ് എന്ന ഡയലോഗോടെ ആകാംക്ഷ നിറച്ച് മോഹൻലാൽ മാത്രമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. 12 വർഷത്തിനുശേഷം ഷാജികൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എ ലോൺ. 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം. എലോൺ സിനിമയിൽ മോഹൻലാൽ മാത്രമേ താരമായുള്ളൂ എന്നാണ് വിവരം. രാജേഷ് ജയരാമനാണ് രചന. ഷാജി കൈലാസ് സംവിധാനം ചെയ്ത സൗണ്ട് ഒഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചർ എന്നീ ചിത്രങ്ങളുടെ രചയിതാവാണ് രാജേഷ് ജയരാമൻ. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഒ.ടി.ടി റിലീസായാണ് എ ലോൺ എത്തുക.