'താളം പോയി തപ്പും പോയി '

Monday 23 May 2022 6:41 AM IST

പാതിയിൽ മുറിഞ്ഞ നാദമായി പിന്നണി ഗായിക സംഗീത സചിത് മറഞ്ഞു

പാടിയ പാട്ടുകളെല്ലാം ശ്രോതാക്കളുടെ ഹൃദയത്തിൽ കയറിയവയാണ്. സംഗീത സചിത് എന്ന പിന്നണിഗായികയുടെ സ്വരഭംഗി അത്രമാത്രം മാധുര്യം നിറഞ്ഞതായിരുന്നു. ഇരുനൂറിലധികം സിനിമകളിൽ പാട്ടുകൾ പാടിയ സംഗീത സചിത് പാതിയിൽ മുറിഞ്ഞ നാദമായി യാത്രയായി. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിറഞ്ഞുനിന്ന ഗായിക എന്ന വിലാസം വേഗം സംഗീത സ്വന്തമാക്കി.

ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അമ്പിളിപൂവട്ടം പൊന്നുരുളി എന്ന ഗാനമാണ് സംഗീത മലയാളത്തിൽ ആദ്യമായി പാടിയത്. പഴശിരാജയിലെ ഓടത്തണ്ടിൽ താളം കൊട്ടു, രാക്കിളിപ്പാട്ടിലെ ധുംധും ധും ദൂരെയേതോ, കാക്കക്കുയിലിലെ ആലാരേ ഗോവിന്ദ തുടങ്ങിയ പാട്ടുകളിൽ എല്ലാംസ്വരമാധുര്യം നിറഞ്ഞിരുന്നു. നാളൈ തീർപ്പിലൂടെയാണ് തമിഴ് അരങ്ങേറ്റം. എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിൽ മിസ്റ്റർ റോമിയോയിൽ പാടിയ തണ്ണീരും കാതലിക്കും എന്ന ഗാനം വലിയ പ്രശസ്തി തന്നു. കെ.ബി. സുന്ദരാംബാൾ അനശ്വരമാക്കിയ ജ്ഞാനപ്പഴത്തെ പിഴിന്ത് എന്ന കീർത്തനം അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കുംവിധം ആലപിക്കാനുള്ള കഴിവും സംഗീതയെ ആസ്വാദകരുടെ പ്രിയ ഗായികയാക്കി മാറ്റി. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം വിതരണ ചടങ്ങിൽ സംഗീത ഇൗ കീർത്തനം ആലപിച്ചപ്പോൾ അതിനു സാക്ഷിയായി അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഉൗരി സമ്മാനിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയിൽ താളം പോയി തപ്പും പോയി എന്ന ഗാനം ശ്രോതാക്കളുടെ കണ്ണ് നനയിച്ചു. കുരുതി സിനിമയിലെ തീം സോംഗിനുശേഷം സംഗീത മലയാളത്തിൽ പാടിയിട്ടില്ല.

വൃക്കരോഗം അപ്പോഴേക്കും കൂടുതൽ പിടിമുറിക്കി. നൂറിലേറെ മലയാളം ,​ തമിഴ് ഓഡിയോ കാസറ്റുകൾക്കുവേണ്ടിയും ഗാനങ്ങൾ ആലപിച്ച സംഗീത നിരവധി വിദേശ സ്റ്റേജ് ഷോകളിൽ പ്രമുഖ ഗായകർക്കൊപ്പം ഗാനങ്ങൾ ആലപിച്ചു. പാട്ടുകൾ പാടി മതിവരാതെയാണ് സംഗീതയുടെ യാത്ര. പാടി പതിഞ്ഞ പാട്ടുകൾ ബാക്കിയാക്കി സംഗീത മറുയമ്പോൾ പ്രിയപ്പെട്ടവർക്ക് അത് തീരാവേദനയാകുന്നു.

Advertisement
Advertisement