ചൈനയിലെ നിയന്ത്രണങ്ങളിൽ സഹികെട്ട് ആപ്പിളും രാജ്യം വിടുന്നു, ഗുണമാകുക ഇന്ത്യൻ വിപണിയ്ക്ക്

Sunday 22 May 2022 10:42 PM IST

ബീജിംഗ്: മൊബൈൽ ഫോൺ നിർമാതാക്കളായ ആപ്പിൾ ചൈന വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചുവടുമാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ കൊവിഡ് വീണ്ടും ശക്തമായതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ആപ്പിളിന്റെ പുതിയ നീക്കമെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിൽ കൊവിഡ‌ിന് ശേഷം വിദേശ യാത്രികർക്ക് വലിയ തോതിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ ആപ്പിളിന്റെ ഉയർന്ന ഉദ്യോഗസ്ഥരെയും നേരിട്ട് ബാധിക്കാൻ തുടങ്ങിയതോടെയാണ് ചൈന വിടുന്നതിനെ കുറിച്ച് ആപ്പിൾ സജീവമായി ആലോചിക്കാൻ ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ചൈനയിൽ ഉണ്ടായ ഊർജപ്രതിസന്ധിയും ഈ തീരുമാനത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഊർജപ്രതിസന്ധി ആപ്പിളിന്റേതടക്കമുള്ള നിരവധി പ്ളാന്റുകളെ ഭീകരമായി ബാധിച്ചിരുന്നു.

അതേസമയം ചൈനയിൽ നിന്ന് ആപ്പിൾ പടിയിറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകാനാണ് സാദ്ധ്യത. കാരണം ചൈനയ്ക്ക് പകരമായി ആപ്പിൾ കാണുന്നത് ഇന്ത്യയെയാണ്. ചൈനയിലെപോലെ കുറഞ്ഞ ഉത്പാദനചെലവും ഉയർന്ന മാനവവിഭവശേഷിയുമാണ് ഇന്ത്യയെ ആപ്പിളിന് പ്രിയങ്കരമാക്കുന്നത്. നിലവിൽ 3.1 ശതമാനമാണ് മാത്രമാണ് ഇന്ത്യയിലെ ഐ ഫോൺ ഉത്പ്പാദനം. ആപ്പിൾ ഇന്ത്യയിൽ കൂടുതൽ ഉത്പാദനം ആരംഭിച്ചാൽ ഏഴ് ശതമാനം വരെ ശതമാനം വരെ ഉത്പാദനം ഉയരാൻ സാദ്ധ്യതയുണ്ട്.

Advertisement
Advertisement