തോരാ മഴയിലും ഏഴോം പുഴയോരത്ത് ആവേശമായി ചൂണ്ടയിടൽ മത്സരം

Monday 23 May 2022 12:16 AM IST
ഏഴോം പുഴയിൽ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ ചൂണ്ടയിടൽ മത്സരത്തിൽ 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം പിടിച്ച് ഒന്നാം സ്ഥാനം നേടിയ റഫീഖ് കാദർ കാസർകോടിന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സമ്മാനം നൽകുന്നു

റഫീഖ് കാദർ കാസർകോട് ജേതാവ്

പഴയങ്ങാടി: മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയിൽ ദേശീയ ചൂണ്ടയിടൽ മത്സരം. മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 69 പേർ പങ്കെടുത്ത മത്സരത്തിൽ, 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസർകോട് സ്വദേശി റഫീക്ക് കാദർ ജേതാവായി. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയിൽ കോർത്ത മലപ്പുറം സ്വദേശി എൻ. സലാഹുദ്ദീൻ രണ്ടാം സ്ഥാനം നേടി. കണ്ണൂർ സ്വദേശി എം.സി രാജേഷ് മൂന്നാം സ്ഥാനവും അഷ്‌റഫ് കാസർകോട് നാലാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,​000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതൽ തൂക്കം ലഭിക്കുന്ന മത്സ്യങ്ങൾ പിടിക്കുന്നവരാണ് വിജയികളായത്.

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഏഴിലം ടൂറിസവും സംയുക്തമായി നടത്തിയ മത്സരത്തിന്റെ സമ്മാനദാനം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു.

രാവിലെ കോട്ടക്കീൽ ഏഴിലം ടൂറിസം സെന്ററിൽ ജില്ലാ കളക്ടർ ചൂണ്ടയിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, ആംഗ്ലിംഗ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശീതൾ കാളിയത്ത്, മാനേജർ കെ സജീവൻ, പി.കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement