ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

Monday 23 May 2022 12:22 AM IST

വർക്കല: ബൈക്ക് മോഷണക്കേസിലെ പ്രതികളിലൊരാളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. ഇലകമൺ അനീഷ് ഭവനിൽ പൊടിയൻ എന്ന അഭിലാഷാണ് (29) പിടിയിലായത്. ഏപ്രിൽ 29നാണ് അഭിലാഷും സുഹൃത്തും കൂടി ചെമ്മരുതി മുട്ടപ്പലം സ്വദേശി ബാബുവിന്റെ KL16V1568 നമ്പർ ബൈക്കാണ് മോഷ്ടിച്ചത്.

നടയറയിലെ സ്വകാര്യ വാഹന സർവീസ്‌ സെന്ററിന്റെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ബൈക്ക് കാണാത്തതിനെ തുടർന്ന് ബാബു അയിരൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾവഴി തിരിച്ചറിഞ്ഞ പ്രതിയെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്‌തപ്പോൾ സുഹൃത്ത് കാട്ടാക്കട സ്വദേശി ചിന്നൻ എന്ന റോയ് ബൈക്ക് മോഷണത്തിന് കൂടെയുണ്ടായിരുന്നതായി പൊലീസിൽ മൊഴി നൽകി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി.പി. നിയാസിന്റെ നേതൃത്വത്തിൽ അയിരൂർ സി.ഐ ശ്രീജേഷ് ,എസ്.ഐ സജിത്ത്, എ.എസ്.ഐ ഷിർജു, സി.പി.ഒമാരായ സജീവ്, സുഗുണൻ നായർ, ജയ് മുരുകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.