സ്‌കൂൾ തുറക്കാൻ ഇനി 8 ദിവസം; നഗരത്തിലെ റോഡുകളിലെ കുഴികൾ മൂടിത്തുടങ്ങി

Monday 23 May 2022 1:20 AM IST

 ടാർ ചെയ്യുന്നതിൽ അവ്യക്തത

തിരുവനന്തപുരം: നഗരത്തിൽ സ്‌മാർട്ട് റോഡുകൾക്കായി എടുത്ത കുഴികൾ മൂടാൻ തുടങ്ങി. കുഴികളെല്ലാം ഈ മാസം 30ന് മുമ്പ് മൂടണമെന്ന് സ്‌മാർട്ട് സിറ്റിക്ക് നഗരസഭ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി. വഞ്ചിയൂർ- ജനറൽ ആശുപത്രി ജംഗ്‌ഷൻ റോഡിലെ കുഴികളാണ് കേബിളിട്ട ശേഷം ആദ്യഘട്ടമായി മൂടിയത്. ഒരാഴ്‌ചയ്‌ക്കകം മറ്റെല്ലാ കുഴികളും മൂടുമെന്നാണ് സ്‌മാർട്ട് സിറ്റിയും കെ.ആർ.എഫ്.ബിയും നഗരസഭയ്‌ക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ജൂൺ 1ന് സ്‌കൂൾ തുറക്കാനിരിക്കെയാണ് നഗരസഭയുടെ അടിയന്തര ഇടപെടലുണ്ടായത്. സ്കൂൾ തുറന്നാൽ നഗരത്തിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്ന ദുരിതയാത്രയെപ്പറ്റി കേരളകൗമുദി നിരന്തരം റിപ്പോർട്ട് നൽകിയിരുന്നു. കുഴിയെടുത്ത ഭൂരിപക്ഷം റോഡുകളിലും കേബിളിടുന്നത് പൂർത്തിയായിട്ടില്ല. എന്നാൽ സ്‌കൂൾ തുറക്കുന്നതിന് പിന്നാലെയുണ്ടാകുന്ന ഗതാഗതക്കുരുക്കും കാലവർഷം എത്തുന്നതോടെ രൂപപ്പെടുന്ന വെള്ളക്കെട്ടും തടയാൻ കേരള റോഡ് ഫണ്ട് ബോർഡിനും സ്‌മാർട്ട് സിറ്റി മിഷനും മറ്റ് വഴികളില്ലാതെയായി. കുഴികൾ മൂടുമെങ്കിലും മഴ മാറാതെ ഒരു റോഡിലും ടാറിംഗ് നടക്കില്ലെന്നാണ് കരാർ കമ്പനി,​ അധികൃതരെ അറിയിച്ചിരിക്കുന്നത്. തിടുക്കപ്പെട്ട് ടാർ ചെയ്യാൻ ഇനി അധികദിവസം ഇല്ലെന്നുള്ളതും വെല്ലുവിളിയാണ്. തുടക്കം മുതൽ അശാസ്‌‌ത്രീയ നിർമ്മാണത്തിന് പഴികേട്ട സ്‌മാർട്ട് റോഡുകളുടെ പണി കൂടുതൽ ഇഴയുന്നതോടെ സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

 നഗരസഭയ്‌ക്ക് അതൃപ്‌തി

സ്‌മാർട്ട് സിറ്റി മിഷന്റെ പ്രവർത്തനങ്ങളിൽ നഗരസഭാഭരണസമിതിക്ക് കടുത്ത അമർഷമുണ്ട്. കോടികൾ പാഴാക്കി വേണ്ടത്ര വിഭവശേഷിയില്ലാതെ നടക്കുന്ന പ്രവർത്തനങ്ങളിൽ നഗരസഭ തൃപ്‌തരല്ല. എന്നാൽ പരസ്യമായി സ്‌മാർട്ട് സിറ്റിയെ തള്ളിപ്പറയാൻ ഇതുവരെയും നഗരസഭ തയ്യാറായിട്ടില്ല. ഒരുതവണ റോഡ് ഉപരോധം നടത്തിയത് ഒഴിച്ചാൽ കാര്യമായ ഇടപെടൽ പ്രതിപക്ഷം സ്‌മാർട്ട് റോഡുകൾക്ക് വേണ്ടി കൗൺസിലിന് പുറത്ത് നടത്തിയിട്ടില്ല. ജൂണിൽ സ്‌കൂൾ തുറക്കുന്നതിന് പിന്നാലെ നഗരത്തിലെ റോ‌ഡിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്കിടയിൽ വ്യത്യസ്‌ത സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

 ടാർ ചെയ്യുന്നത്

പല കുഴികളും വീണ്ടും കുഴിക്കേണ്ടതിനാൽ റോഡുകൾ എന്ന് ടാർ ചെയ്യുമെന്നതിന് ആർക്കും ഒരു ഉറപ്പുമില്ല. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിർദ്ദേശ പ്രകാരം ഓഗസ്റ്റിലാകും മഴ മാറുക. കരാർ കമ്പനി പറയുന്ന കണക്ക് പ്രകാരമാണെങ്കിൽ മഴ മാറി ടാർ ചെയ്യാൻ ഇനിയും മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ നഗരത്തിലെ റോഡുകളുടെ സ്ഥിതി കൂടുതൽ ദുഷ്‌കരമാകും. ഒരു കുഴപ്പവുമില്ലാതിരുന്ന റോഡുകളിലാണ് മില്ലിംഗ് നടത്തി ടാർ ചെയ്യാതെയിട്ടിരിക്കുന്നത്. അതേസമയം, ജല അതോറിട്ടിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഇന്നലെയും പലയിടത്തും പുതിയ കുഴികളെടുത്തു.

Advertisement
Advertisement