മുടന്തൻ ന്യായംപറഞ്ഞ് ഇൻഷ്വറൻസ് തുക നിഷേധിക്കരുത്: സുപ്രീം കോടതി

Monday 23 May 2022 1:42 AM IST

ന്യൂഡൽഹി: നിസാരവും സാങ്കേതികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും ലഭ്യമല്ലാത്ത രേഖകൾ ആവശ്യപ്പെട്ടും ഇൻഷ്വറൻസ് തുക നിഷേധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചു.

മോഷ്ടിക്കപ്പെട്ട ട്രക്കിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കിയില്ലെന്ന കാരണം പറഞ്ഞ് ഇൻഷ്വറൻസ് തുക നിഷേധിച്ചതിനെതിരെ ഛത്തീസ്ഗഡ് സ്വദേശി ഗുർമേൽ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എം.ആർ. ഷായും ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി. ഹർജിക്കാരന് ഇൻഷ്വറൻസ് തുകയായ 12 ലക്ഷം രൂപയും കേസ് നടത്തിപ്പ് ചെലവായി 25,000 രൂപയും നൽകാൻ കോടതി വിധിച്ചു.

ഇൻഷ്വറൻസ് എടുത്ത ആളിന്റെ പരിധിക്കപ്പുറത്തുള്ള രേഖകൾ ആവശ്യപ്പെടരുതെന്ന് വിധിയിൽ പറഞ്ഞു. ഹാജരാക്കാൻ കഴിയാത്ത രേഖകളാണ് ആവശ്യപ്പെട്ടത്.

വാഹനമുടമ ഇൻഷ്വറൻസ് എടുത്തതും പ്രീമിയം അടച്ചതും ട്രക്ക് മോഷണത്തിന്റെ എഫ്.ഐ.ആർ ഹാജരാക്കിയതും അംഗീകരിക്കുന്ന ഇൻഷ്വറൻസ് കമ്പനി, വാഹനത്തിന്റെ ആർ.സി ഹാജരാക്കാത്തത് മാത്രം ചൂണ്ടിക്കാട്ടി ക്ളെയിം അപേക്ഷ തള്ളിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

നിരസിച്ചത് ഇങ്ങനെ:

# 2013 മാർച്ചിൽ ട്രക്ക് കളവു പോയതിനെ തുടർന്ന് എഫ്.ഐ.ആർ അടക്കം രേഖകളുമായി ഇൻഷ്വറൻസ് തുകയ്ക്ക് അപേക്ഷിച്ചെങ്കിലും നിരസിച്ചു.

# ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചപ്പോൾ, ആർ.സിയുടെ ഡ്യൂപ്ളിക്കേറ്റ് ഹാജരാക്കി തുക വാങ്ങാമെന്ന് വിധിച്ചു. #ഡ്യൂപ്ളിക്കേറ്റിനായി ആർ.ടി.ഒയെ സമീപിച്ചെങ്കിലും വാഹനം മോഷ്‌ടിക്കപ്പെട്ടതിനാൽ വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമല്ലെന്ന് അറിയിച്ചു.

# ആർ.ടി.ഒാഫീസിൽ നിന്ന് രജിസ്ട്രേഷൻ വിവരങ്ങളും രജിസ്ട്രേഷന്റെ ഫോട്ടോകോപ്പിയും വച്ച് ഇൻഷ്വറൻസിനായി അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.

# മതിയായ രേഖകളില്ലാതെ ഇൻഷ്വറൻസ് തുക ലഭിക്കാൻ അർഹതയില്ലെന്ന് ജില്ലാ,സംസ്ഥാന, ദേശീയ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷനുകളും നിലപാടെടുത്തു.

രജിസ്ട്രേഷൻ രേഖ

ഇൻഷ്വറൻസ് കമ്പനിയിലുണ്ട്

ഇൻഷ്വറൻസ് എടുക്കുന്നവേളയിൽ

വാഹനമുടമ നൽകിയ രജിസ്ട്രേഷൻ രേഖ ഇൻഷ്വറൻസ് കമ്പനിയുടെ പക്കലുണ്ടാകുമെന്ന് സുപ്രീം കോടതി

ആർ.ടി.ഒാഫീസിലെ കംപ്യൂട്ടറിൽ നിന്ന് ഡ്യൂപ്ളിക്കേറ്റ് ആർ.സിക്കുള്ള വിവരങ്ങൾ എടുക്കാൻ കഴിയാത്തത് ഹർജിക്കാരന്റെ തെറ്റല്ല.

# ആർ.ടി.ഒാഫീസിൽ നിന്ന് രജിസ്ട്രേഷൻ വിവരങ്ങളും രജിസ്ട്രേഷന്റെ ഫോട്ടോകോപ്പിയും ഹാജരാക്കിയിട്ടുണ്ട്.

# ഈ സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് ആർ.സി ഇല്ലാത്തതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് കോടതി.

Advertisement
Advertisement