ഇന്ധനവില കുറച്ചു: ഇന്ത്യയെ പുകഴ്ത്തി ഇമ്രാൻ
Monday 23 May 2022 3:04 AM IST
ഇസ്ലാമാബാദ്: ഇന്ധന വില കുറച്ച ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ ഭാഗമായിട്ട് പോലും അമേരിക്കയുടെ സമ്മർദ്ദം വകവയ്ക്കാതെ ജനങ്ങൾക്ക് ആശ്വാസം പകരാനാണ് ഇന്ത്യൻ സർക്കാർ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങിയതെന്ന് ഇമ്രാൻ ട്വിറ്റ് ചെയ്തു.
ഒരു സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ തന്റെ സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചത് ഇതാണെന്നും നിലവിലെ സർക്കാരിന്റെ പ്രവർത്തന ഫലമായി പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ വഷളായെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
തന്റെ രാജ്യം ഇപ്പോൾ തലയില്ലാത്ത കോഴിയെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥയുമായി മൂക്കുകുത്തി താഴേയ്ക്ക് പതിക്കുകയാണെന്നും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ കുറ്റപ്പെടുത്തി ഇമ്രാൻ പറഞ്ഞു.