വീടിനുമുന്നിലെ മദ്യപാനം ചോദ്യം ചെയ്തു, നാൽപത്തിയഞ്ചുകാരനെ മദ്യപാനികൾ ചവിട്ടിക്കൊന്നു

Monday 23 May 2022 9:52 AM IST

ആലപ്പുഴ: കായംകുളത്ത് റോഡരികിൽ നാൽപത്തിയഞ്ചുകാരൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാർ ആണ് കൊല്ലപ്പെട്ടത്. മദ്യപാനം ചോദ്യം ചെയ്തതതിനാണ് പ്രതികൾ കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയത്.

കൃഷ്ണകുമാറിന്റെ വീടിന് മുന്നിലിരുന്ന് പ്രതികൾ മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പ്രതികൾ ചവിട്ടിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കൃഷ്ണകുമാറിനെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി കൃഷ്ണകുമാർ അയൽവാസികളുമായി വഴക്കിടുന്നത് കണ്ടിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഗുരുതരമായി പരിക്കേറ്റതാണ് കൃഷ്ണകുമാറിന്റെ മരണത്തിന് കാരണമെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അയൽവാസികളെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.