വിസ്‌മയ കേസിൽ വിധി അൽപസമയത്തിനകം; ജഡ്‌ജി കെ എൻ സുജിത്ത് ചേംബറിലെത്തി

Monday 23 May 2022 10:22 AM IST

കൊല്ലം: വിസ്മയ കേസിൽ വിധി ഇന്ന് പതിന്നൊന്നുമണിയോടെ ഉണ്ടാകും. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജഡ്‌ജി കെ എൻ സുജിത്ത് ചേംബറിലെത്തി. വിസ്‌മയയുടെ ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി. പതിനാലാമത്തെ കേസായാണ് കോടതി പരിഗണിക്കുന്നത്.

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ തുടങ്ങി പത്ത് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് ഭർത്താവ് കിരൺ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. പതിനൊന്ന് മാസത്തിന് ശേഷമാണ് വിധി വരുന്നത്. നാല് മാസം വിചാരണ നീണ്ടിരുന്നു. ശബ്ദരേഖ അടക്കമുള്ള തെളിവുകൾ കേസിൽ നിർണായകമാകും. 41 സാക്ഷികളും 12 തൊണ്ടിമുതലുകളുമാണ് കോടതിയിൽ എത്തിയത്.

ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. 2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.