ഒന്നാം ക്ലാസിൽ ചേർന്നാൽ വെള്ളിനാണയം സൗജന്യം; ലക്ഷ്യം സർക്കാർ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കൽ 

Monday 23 May 2022 12:41 PM IST

മൈസൂർ: ഒന്നാം ക്ലാസിലേക്ക് പുതിയ വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി കർണാടകത്തിലെ ഒരു സ്കൂളിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നു. മാണ്ഡ്യ ജില്ലയിലെ കന്നഡ മീഡിയം സ്കൂളായ മേലുകോട്ട പ്രൈമറി സ്കൂളാണ് വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. പുതുതായി ചേരുന്ന കുട്ടികൾക്ക് ഓരോ വെള്ളിനാണയം വീതമാണ് നൽകുന്നത്.

150 വർഷം പഴക്കമുള്ള സ്കൂളാണിത്. ആൺകുട്ടികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം. സർക്കാർ സ്കൂളാണെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ വെല്ലുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് ഇവിടെ പാഠപുസ്തകം,​ യൂണിഫോം,​ പഠനയാത്ര തുടങ്ങിയവ സൗജന്യമാണ്.

ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷിന്റെ ക്ലാസും ഇവിടെ നടത്തുന്നുണ്ട്. പൂർവവിദ്യാർത്ഥി അസോസിയേഷനുമായി ചേർന്ന് സ്കൂൾ വികസന സമിതിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ക്ലാസിന് ശേഷം വിദ്യാർത്ഥികളെ വീട്ടിലെത്തിക്കാനായി സൗജന്യ ബസ് സർവീസും ഏ‍ർപ്പെടുത്തിയിട്ടുണ്ട്.

2013 ൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതോടെ അടച്ചു പൂട്ടലിന്റെ ഭീഷണി ഈ സ്കൂളിനും നേരിടേണ്ടി വന്നു. എന്നാൽ,​ നാട്ടുകാരുടെയും പൂർവവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചതോടെ വിദ്യാർത്ഥികളുടെ എണ്ണവും കൂടി. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 112 കുട്ടികളാണ് സ്കൂളിലുള്ളത്.

Advertisement
Advertisement