വിദ്വേഷ പ്രസംഗ കേസ്; പി സി ജോർജിന് ഉപാധികളോടെ ഇടക്കാല ജാമ്യം

Monday 23 May 2022 5:39 PM IST

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വരെ പി സി ജോർജിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.

കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. പി സി ജോർജ് പൊതുപ്രസ്താവന നടത്തരുതെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്നും ജാമ്യം അനുവദിച്ചതിന് ശേഷം കോടതി നിർദേശിച്ചു. നിയമത്തിൽ നിന്നും ഒളിക്കില്ലെന്നാണ് പി സി ജോർജിന്റെ പ്രതികരണം.

ജാമ്യം അനുവദിക്കുന്നതിൽ ശക്തമായ എതിർപ്പ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പി സി ജോർജ് നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെ അറസ്റ്റിനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പി സി ജോർജ് ഒളിവിൽപ്പോവുകയും ചെയ്തു.

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വെണ്ണലയിലും സമാന രീതിയിലുളള പരാമർശങ്ങൾ ആവർത്തിച്ചെന്ന പരാതിയെത്തുടർന്ന് ‌ഈ മാസം 10നാണ് പാലാരിവട്ടം പൊലീസ് ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.