മീനിനും ഇറച്ചിക്കും വില കയറുന്നു.

Tuesday 24 May 2022 12:00 AM IST

കോട്ടയം. മത്സ്യ,മാംസ വില കുതിച്ചുയരുന്നു. പച്ചക്കറിക്ക് തീ വില ആയതോടെ കുറച്ച് മീൻ വാങ്ങാമെന്ന് വച്ചാൽ അടുക്കള ബഡ്ജറ്റ് താളം തെറ്റും. കിലോയ്ക്ക് 360 രൂപയായിരുന്ന പോത്തിറച്ചിക്ക് ഇന്നലെ 380 രൂപയും 130 രൂപയായിരുന്ന കോഴിയിറച്ചിക്ക് 140 രൂപയുമായി. നാടൻ കോഴിക്കാകട്ടെ 220 രൂപയാണ് . കറിയെല്ലിന് 200, പോട്ടി 180, മുയൽ 250 എന്നിങ്ങനെയാണ് വില. മീൻ വിലയാകട്ടെ ദിനംപ്രതി വർദ്ധിക്കുന്നു. ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മത്തിക്ക് 220 രൂപയാണ്. വലിയ അയലയ്ക്ക് 280 രൂപയും കിളിക്ക് 260 രൂപയും കൊ‌ടുക്കണം. 140 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുവൽ വാങ്ങണമെങ്കിൽ 200 രൂപ നൽകണം.

ചെമ്പല്ലി 260, വിളക്കുട്ടി 220, പിരാന 220, ഓലകൊഴുവ 500, വിള 380, ശീലാവ് 220, ഉരുളൻ വറ്റ 280, തിരിയോൻ 120, കൂന്തൽ 400, കേര 500, സിലോപ്പിയ 160, രോഹു 200, പുല്ലൻ 120, പള്ളത്തി 240, തോവാര വറ്റ 260, കലവ 220, കണ്ണി 140 എന്നിങ്ങനെയാണ് വില. 80 രൂപയുണ്ടായിരുന്ന കക്ക മീഡിയത്തിന് 160 ഉം വലുതിന് 200 രൂപയുമായി.

ലഭ്യത കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. അന്യസംസ്ഥാനങ്ങൾക്കൊപ്പം മുനമ്പം ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽനിന്നാണ് മീനെത്തുന്നുണ്ട്. ഉണക്കമീൻ വിപണിയിലും വിലക്കയറ്റം ദൃശ്യമാണ്.

Advertisement
Advertisement