വെറുതെ നിന്ന സിംഹത്തിന്റെ വായിൽ കൈയിട്ടാൽ മൃഗരാജൻ വേറെന്ത് ചെയ്യും? വീഡിയോ

Monday 23 May 2022 7:10 PM IST

കിംഗ്സ്റ്റൺ: കൂട്ടിൽ സമാധാനത്തോടെ കിടക്കുകയായിരുന്ന സിംഹത്തിന്റെ വായിൽ കൈയ്യിട്ട മൃഗശാലാ ജീവനക്കാരന്റെ വിരൽ സിംഹം കടിച്ചെടുത്തു. ജമൈക്കയിലെ കിംഗ്സ്റ്റൺ മൃഗശാലയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരൻ സിംഹത്തിന്റെ വായിൽ കൈയിട്ടത്.

കൂട്ടിനുള്ളിൽ കിടക്കുന്ന സിംഹത്തിന്റെ രോമം പിടിച്ചുവലിക്കുകയും പല്ലുകളിലും വായ്ക്കുള്ളിലും ജീവനക്കാരൻ കൈയ്യിടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ജീവനക്കാരന്റെ പെരുമാറ്റത്തിൽ പ്രകോപിതനായ സിംഹം വായിൽ കുരുങ്ങിയ അവസരം നോക്കി ജീവനക്കാരന്റെ വിരൽ കടിച്ചുപറിക്കുകയായിരുന്നു. സിംഹം കടിച്ചു പിടിച്ച വിരൽ തിരിച്ച് വലിച്ചെടുക്കാൻ ജീവനക്കാരൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സംഭവത്തിന്റെ വീഡിയോയും ഫോട്ടോകളും എടുക്കാൻ ചുറ്റും സന്ദർശകരുണ്ടായിരുന്നെങ്കിലും അവർക്കാർക്കും സംഭവത്തിന്റെ ഗൗരവം മനസിലായിരുന്നില്ലെന്ന് വീഡിയോയിലെ അവരുടെ പ്രതികരണം കണ്ടാൽ വ്യക്തമാകുന്നുണ്ട്. തുടക്കത്തിൽ സംഭവം തമാശയാണെന്നും എന്നാൽ ജീവനക്കാരന്റെ വിരൽ അറ്റുപോയതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലായതെന്നും ദൃക്‌സാക്ഷികളിലൊരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.