അസ്ഥികൂടം കേസിൽ തുമ്പുതേടി കായലിൽ തെരച്ചിലിന് പൊലീസ്

Tuesday 24 May 2022 12:57 AM IST

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് കൊച്ചി കായലിന് മുകളിലൂടെ പോകുന്ന റെയിൽവേ പാലത്തിന്റെ കേബിൾപിറ്റിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വേമ്പനാട് കായലിൽ തെരച്ചിലിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. കേബിൾപിറ്റിൽ മഴവെള്ളം പോകുന്നതിന് വലിയപൈപ്പ് ഉണ്ടായിരുന്നു. അടുത്തിടെ പെയ്ത മഴയിൽ അസ്ഥികളും വസ്ത്രവും ഒലിച്ച് താഴേവീണിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഒഴുകിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണെങ്കിലും നടപടി ഒഴിവാക്കേണ്ടെന്നാണ് തീരുമാനം. അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഫോണോ പഴ്സോ തെരച്ചിലിൽ കിട്ടിയേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ സംഘത്തിന്റെ സഹായത്തോടെയായിരിക്കും തെരച്ചിലെന്നാണ് സൂചന.

അസ്ഥികൂടം കണ്ടെത്തി നാലുദിവസം പിന്നിട്ടെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. നിലവിൽ രണ്ട് വർഷത്തിനിടെ കാണാതായവരുടെ വിവരങ്ങൾ പ്രത്യേകസംഘം ശേഖരിച്ചിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്ന് പ്രാഥമിക ഫോറൻസിക് നിഗമനമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമപോസ്റ്റ്മോർട്ടം റിപ്പോർട്ട് 31നേ ലഭിക്കൂ. അസ്ഥിയിൽനിന്ന് ഡി.എൻ.എ ശേഖരിച്ചിട്ടുണ്ട്. കാണാതായവരുടെ ഡി.എൻ.എയുമായി ഇത് ഒത്തുനോക്കും.

കൊന്നിട്ടതോ കൊണ്ടുവന്നിട്ടതോ ?

സ്ഥലത്ത് എത്തിച്ചശേഷം കൊലപ്പെടുത്തി കേബിൾപിറ്റിലിട്ട് സ്ലാബിട്ട് മൂടിയതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം എത്തിക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും ഇതും തള്ളിക്കളയുന്നില്ല. അമ്പതടി ഉയരമുള്ള പാലത്തിൽ മുമ്പ് കയറിയവർക്ക് മാത്രമേ ഇത്തരത്തിൽ മൃതദേഹം ഒളിപ്പിക്കാനുള്ള സാദ്ധ്യത തിരിച്ചറിയാനാകൂ. നേരത്തെ ഇവിടെ എത്തിയവരെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് എത്താവുന്ന വഴികളിലെ സി.സി ടിവി കാമറകളുടെ പരിശോധന പുരോഗമിക്കുകയാണ്. റെയിൽവേ മേൽപ്പാലം ലഹരിഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്.

 കാർബൺ ഡേറ്റിംഗ് ഫലം 31ന്

അസ്ഥികൂടത്തിന്റെ കാർബൺ ഡേറ്റിംഗ് ഫലം 31ന് ലഭിച്ചേക്കും. മരിച്ചയാളുടെ ഏകദേശപ്രായം ഇതിലൂടെ വ്യക്തമാകും. കാണാതായവരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ച് ഡി.എൻ.എ ഒത്തുനോക്കിയാൽ അന്വേഷണത്തിൽ വഴിത്തിരിവാകും.

Advertisement
Advertisement