തിളങ്ങി തീരം, മിഴിവിൽ സാംസ്‌കാരികം, ഊർജ്ജസ്വലം യുവജനകാര്യം

Tuesday 24 May 2022 12:00 AM IST

ഒന്നാം എൽ.ഡി.എഫ് സർക്കാർ സമഗ്രമേഖലകളിലും വെട്ടിത്തെളിച്ച വികസന,ക്ഷേമപ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കുന്നു ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പുകൾ.

മത്സ്യമേഖലയ്ക്ക്

മികച്ച കൈത്താങ്ങ്
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് രാജ്യത്താദ്യമായി മാതൃകാ പദ്ധതിയിലൂടെ മുട്ടത്തറയിൽ ഫ്ളാറ്റുകൾ നിർമിച്ച് 192 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. തീരദേശത്ത്‌ വേലിയേറ്റമേഖലയിൽ നിന്നും 50 മീറ്റർ ദൂരപരിധിക്കുള്ളിൽ അധിവസിക്കുന്ന എല്ലാവരുടെയും പുനരധിവാസത്തിന് 2450 കോടിയുടെ പുനർഗേഹം ബൃഹദ് പദ്ധതി തയ്യാറാക്കി. സ്വന്തമായി ഭൂമിവാങ്ങി ഭവനം നിർമ്മിക്കാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങാനും റസിഡന്റ് ഗ്രൂപ്പുകളായി ഒരുമിച്ച് ഭൂമി കണ്ടെത്തി അപ്പാർട്ടുമെന്റുകൾ നിർമ്മിക്കാനും 10 ലക്ഷം രൂപ ധനസഹായവും നൽകുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിൽ കാരോട് (128), ബീമാപള്ളി (20), മലപ്പുറം ജില്ലയിലെ പൊന്നാനി(128) ഉൾപ്പെടെ 276 ഫ്ളാറ്റുകൾ നൂറുദിനത്തിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂർ, പൊന്നാനി,കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹിൽ, കാസർകോട് ജില്ലയിലെകോയിപ്പടി എന്നിവിടങ്ങളിൽ 784 ഫ്ളാറ്റുകൾക്ക് ഭരണാനുമതി നൽകി.
പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കാൻ ഏഴ് വർഷത്തിനുശേഷം വെരിഫിക്കേഷൻ നടത്തിയതും പെർമിറ്റ് വിതരണം ആരംഭിച്ചതും നേട്ടം. ഏകദിന സംയുക്ത പരിശോധനയിൽ 9594 അപേക്ഷകളിലായി 10889 യാനങ്ങളും 14489 എൻജിനുകളും അപേക്ഷിച്ചതിൽ, അർഹമായ 14332 എൻജിനുകൾക്ക് പെർമിറ്റ് അനുവദിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന 2078കോടിയുടെ മത്സ്യകൃഷി പദ്ധതി നടപ്പാക്കി. 448 പഞ്ചായത്തുകളിലായി 1553.48 ഹെക്ടർ വിസ്തൃതിയിൽ 10774 കുളങ്ങളിൽ മത്സ്യകൃഷി ആരംഭിച്ചു.
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിന് തീരദേശ ജില്ലകളിലായി 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ച് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കാൻ 6.43കോടിയുടെ പദ്ധതി നടപ്പാക്കി.

മിഴിവേറി സാംസ്കാരികം

കൊവിഡ് കാരണം പ്രതിസന്ധിയിലായ

കലാകാരന്മാർക്കായി നൂതനപദ്ധതികൾ നടപ്പാക്കി. സാംസ്‌കാരികവകുപ്പിന്റെ കീഴിൽ ഭാരത് ഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന മഴമിഴി ഓൺലൈൻ കലാപ്രദർശനത്തിന്റെ ലക്ഷ്യം കലാസമൂഹത്തിനു കൈത്താങ്ങലാണ്. കേരളത്തിലെ കലാകാരന്മാരെ സംഘടിപ്പിച്ച് പ്രതിഫലം നൽകി പരിപാടികൾ ചിത്രീകരിച്ച് ഓൺലൈനിൽ പ്രദർശിപ്പിച്ചു. വജ്രജൂബിലി ഫെലോഷിപ്പും നടക്കുന്നുണ്ട്. ഇതിലൂടെ ക്ലാസിക്കൽകല, അഭിനയകല, ചിത്രകല, ശില്പകല, ഫോക്‌ലോർ കലാരൂപങ്ങൾ തുടങ്ങിയ കലകളിലാണ് പരിശീലനം നൽകുന്നത്. കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരെ തിരഞ്ഞെടുത്ത് 15000 രൂപ ഫെലോഷിപ്പ് നൽകും.
കൊവിഡിൽ പരിമിതപ്പെട്ടിരുന്ന രാജ്യാന്തര ചലച്ചിത്രമേള ഗംഭീരമായി സംഘടിപ്പിച്ചു. മേഖലാ തലത്തിൽ എറണാകുളത്തും റീജിയണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
സിനിമാരംഗത്ത് വനിതകളെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ സംവിധായകരെയും പ്രോത്സാഹിപ്പിക്കാനായി തിരക്കഥകൾ സിനിമയാക്കാൻ പരമാവധി 1.5കോടി രൂപ വീതം സാമ്പത്തികസഹായം അനുവദിക്കുന്നുണ്ട്.
തിരുവനന്തപുരം കൈരളി, നിള, ശ്രീ തിയേറ്റർ സമുച്ചയങ്ങൾ ആധുനിക രീതിയിൽ നവീകരിച്ചു. കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ സാംസ്‌കാരിക സമുച്ചയം, കാസർകോട് സാംസ്‌കാരിക സമുച്ചയം എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു.

തിളക്കത്തിൽ

യുവജനകാര്യം

യുവജനകാര്യവകുപ്പിന് കീഴിലെ യുവജനക്ഷേമ ബോർഡ് യുവജനതയ്‌ക്കിടയിൽ വൈവിദ്ധ്യമാർന്ന മത്സരങ്ങളും സന്നദ്ധപ്രവർത്തനങ്ങളും പരിശീലനപരിപാടികളുമായി സജീവമായി ഇടപെടുന്നു. ബോർഡിന്റെ പ്രധാന പദ്ധതികളിലൊന്നാണ്‌ കേരളോത്സവം. വലിയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധനേടാൻ ഇത്തവണ കേരളോത്സവത്തിനു സാധിച്ചു. എടുത്തുപറയേണ്ട സംരംഭമാണ്‌ കേരള വോളന്ററി യൂത്ത് ആക്‌ഷൻഫോഴ്സ്. ദുരന്തങ്ങളെ നേരിടാൻ യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ പഞ്ചായത്തുതല സന്നദ്ധസേനയാണ് യൂത്ത് ആക്‌ഷൻ ഫോഴ്സ്. യൂത്ത്‌ ഫോട്ടോഗ്രഫി അവാർഡ്, ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, യുവസാഹിത്യക്യാമ്പ്, യുവ ക്ലബുകൾക്ക് ധനസഹായം, യുവപ്രതിഭാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നു.

..............................................

കഴിഞ്ഞ സർക്കാർ ആരംഭിച്ച പദ്ധതികളുടെ പൂർത്തീകരണ പ്രവർത്തനങ്ങളും ഈ സർക്കാർ ആവിഷ്‌കരിച്ച പുതിയ പദ്ധതികളും കാര്യക്ഷമമായി നടപ്പിലായി വരികയാണ്.

സജി ചെറിയാൻ

ഫിഷറീസ് , സാംസ്‌കാരികം ,

യുവജനകാര്യ വകുപ്പ് മന്ത്രി

Advertisement
Advertisement