കനത്ത മഴ, ഓറഞ്ച് അലർട്ട്; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

Monday 23 May 2022 11:12 PM IST

ഡെറാഡൂൺ: പ്രശസ്‌തമായ കേദാർനാഥ് തീർത്ഥാടനം കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. തിങ്കളാഴ്‌ച പുലർച്ചെ മുതൽ സ്ഥലത്ത് കനത്തമഴയാണ്. അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

കാൽനടയായി ക്ഷേത്രദർശനത്തിനെത്തുന്ന തീർത്ഥാടകരോട് തിരികെ മടങ്ങാനും ഹോട്ടലുകളിൽ തങ്ങാനും ആവശ്യപ്പെട്ടിരിക്കുകയാണെന്ന് രുദ്രപ്രയാഗ് സി.ഒ പ്രമോദ് കുമാർ അറിയിച്ചു. ഉത്തരാഖണ്ഡിൽ ചൊവ്വാഴ്‌ചയും ഓറഞ്ച് അലർട്ടുണ്ട്. ഗുപ്‌തകാശിയിലും ഭക്തരെ തടഞ്ഞിട്ടുണ്ട്. ഏതാണ്ട് 5000ത്തോളം ഭക്തരാണ് ഇവിടെയുള‌ളത്.

കേദാരനാഥ ക്ഷേത്രത്തിന് സമീപം മഞ്ഞുവീഴ്‌ചയുണ്ടായതിനാൽ ഇവിടെ അന്തരീക്ഷ താപനില താഴുമെന്ന് സൂചനയുണ്ടായിരുന്നു. ഇപ്പോഴും ക്ഷേത്രപരിസരം കനത്ത മഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. മേയ് ആറിനാണ് പ്രശസ്‌തമായ ചാർഥം തീർത്ഥാടനം ആരംഭിച്ചത്.

രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ളാദേശിലും കനത്തമഴയാണ്. അസമിൽ പ്രളയമാണ് ഇത്തവണ ഉണ്ടായത്. ഇതിനിടെയാണ് കേദാർനാഥ ക്ഷേത്ര തീർത്ഥാടനവും നി‌ർത്തിവയ്‌ക്കേണ്ടി വന്നത്.