പൈലറ്റ് ട്രെയിനിയുടെ പരാതി വ്യാജമെന്ന് തീർപ്പാക്കിയത് നിയമവിരുദ്ധം

Tuesday 24 May 2022 3:22 AM IST

തിരുവനന്തപുരം: പരിശീലന പറക്കലിനിടെ, പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പൈലറ്റ് ട്രെയിനിയുടെ പരാതി വ്യാജമാണെന്ന് തീർപ്പുണ്ടാക്കിയ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാ‌ഡമിയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നടപടി നിയമവിരുദ്ധം. തൊഴിൽ സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള നിയമത്തിലെ സെക്ഷൻ 11പ്രകാരം പരാതി കേൾക്കാനുള്ള അധികാരം മാത്രമാണ് ആഭ്യന്തര സമിതിക്കുള്ളത്. അക്കാഡമിയിലെ ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർ കെ.ടി.രാജേന്ദ്രനെതിരെയാണ് പരാതി. പ്രവേശന പരീക്ഷയിലെ രണ്ടാം റാങ്കുകാരിയാണ് പരാതിക്കാരി.

സെക്ഷൻ 20പ്രകാരം കളക്ടറാണ് പരാതിയുടെ നിജസ്ഥിതിയിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ പൈലറ്റ് ട്രെയിനിയുടെ പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി തീരുമാനത്തിലെത്തി.ഇത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യാജ പരാതിയാണെങ്കിൽ സെക്ഷൻ 14പ്രകാരം പരാതിക്കാരിക്കെതിരെ നടപടിയെടുക്കാനും കളക്ടർക്ക് അധികാരമുണ്ട്.

തന്റെ പരാതി ക്ലാസിൽ പരസ്യമായി വായിച്ചെന്നും കളിയാക്കി ചിരിച്ചെന്നും സഹപാഠികളടക്കം അപമാനിച്ചെന്നും ഇതിൽ മനംനൊന്താണ് നാടുവിട്ടതെന്നുമാണ് പൈലറ്റ് ട്രെയിനിയുടെ മൊഴി. ലൈംഗിക പീഡന പരാതി പരസ്യമാക്കുകയും ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തത് ഐ.പി.സി 228(എ) പ്രകാരം ഒരു വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.ആഭ്യന്തര അന്വേഷണ സമിതി താൻ പറയാത്ത കാര്യങ്ങളാണ് മൊഴിയായി രേഖപ്പെടുത്തിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. പരിശീലകനായ രാജേന്ദ്രൻ ഏറെക്കാലമായി തന്നെ ശല്യപ്പെടുത്തുന്നെന്നും പരിശീലന പറക്കലിനിടെ മോശം പെരുമാ​റ്റമുണ്ടായെന്നുമാണ് പരാതി. വിവരം പുറത്തുപറയരുതെന്ന് ആഭ്യന്തര സമിതിയംഗങ്ങൾ ആവശ്യപ്പെട്ടു. പരാതിയുണ്ടായാൽ സി.എഫ്.ഒ.ക്കെതിരെ നടപടിവരുമെന്നും പരിശീലകനില്ലാതെ അക്കാഡമിയുടെയും പഠിതാക്കളുടെയും ഭാവി നശിക്കുമെന്നുമാണ് അവർ പറഞ്ഞത്. പേട്ട, വലിയതുറ സ്​റ്റേഷനുകളിലും യുവജനക്ഷേമ കമ്മിഷനിലും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതോടെയാണ് ലോകായുക്തയെ സമീപിച്ചതെന്ന് പൈലറ്റ് ട്രെയിനി വെളിപ്പെടുത്തി.

Advertisement
Advertisement