നെടുമങ്ങാട് നഗരസഭയിലെ പുത്തൻചിറ

Tuesday 24 May 2022 1:12 AM IST

നെടുമങ്ങാട്: പൂവത്തൂർ പുത്തൻചിറ അധികൃതരുടെ അവഗണനയിൽ നശിക്കുന്നതായി പരാതി. നൂറ്റിഅൻപത് വർഷത്തോളം പഴക്കമുള്ള ചിറയ്ക്ക് ഒന്നര ഏക്കർ വിസ്തൃതിയുണ്ട്. നെടുമങ്ങാട് നഗരസഭ പരിധിയിലെ ഏക നീന്തൽക്കുളം കൂടിയാണ് ഇത്. 45 ലക്ഷം രൂപ വിനിയോഗിച്ചാണ് 2020ൽ നീന്തൽക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ നവീകരണം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ലോഡ് കണക്കിന് പാറക്കല്ലുകൾ കുളത്തിലുണ്ട്. ഇതറിയാതെ കുളത്തിൽ ആരെങ്കിലും കുളിക്കാൻ ഇറങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാവാനും ഇടയുണ്ട്. മാത്രവുമല്ല മുടിപ്പുര ഭദ്രകാളിദേവീ ക്ഷേത്രം തിരിയുന്ന സ്ഥലത്തു നിന്ന് നീന്തൽക്കുളത്തിലേക്ക് പോകുന്ന 600 ഓളം മീറ്റർ ദൂരം വരുന്ന റോഡിന്റെ അവസ്ഥയും ദയനീയമാണ്. ഇതുവഴി കാൽനട യാത്രപോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ്. നിരവധി കുട്ടികൾ ഇവിടെ നീന്തൽ പരിശീലനം നടത്തിയിട്ടുണ്ട്. ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ ആവാസ കേന്ദ്രമാണ്. നിന്തൽക്കുളം നവീകരണം ആരംഭിച്ചതോടെയാണ് കുളത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. നവീകരണം പൂർത്തിയാക്കി നീന്തൽക്കുളം പരിശീലനത്തിന് യോഗ്യമാക്കാനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരുകാലത്ത് പുത്തൻചിറയിലെ നീന്തൽക്കുളത്തിൽ നൂറുകണക്കിന് കുട്ടികൾ നീന്തൽ പരിശീലനം നടത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ ഒരുമിച്ച് ഒരു സ്വിമ്മിംഗ് ക്ലബ് ആരംഭിക്കുകയും രക്ഷാകർത്താക്കൾ മുൻകൈയെടുത്ത് ചിറ വൃത്തിയാക്കി കുട്ടികൾക്ക് നിന്തൽ പരിശീലനം നൽകുന്ന തരത്തിലാക്കുകയും പരിശീലനം നൽകാനായി ഒരു കോച്ചിനെ നിയമിക്കുകയും ചെയ്തു. പരിശീലനത്തിനായി എത്തുന്ന കുട്ടികളിൽ നിന്ന് ചെറിയൊരു തുക സമാഹരിച്ച് പരിശീലകന് വേതനമായി നൽകിയിരുന്നു.

നിലവിലെ അവസ്ഥ: നീന്തൽക്കുളത്തിന് സമീപത്തായി 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്വിമ്മിംഗ് ക്ലബ് ഡ്രസ്സിംഗ് റൂം കെട്ടിടം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിലാണ്. കെട്ടിടത്തിന്റെ വാതിലുകൾ, ജനൽ ഗ്ലാസുകൾ പലതും പൊട്ടിച്ചു.

Advertisement
Advertisement