പീഡന പരാതിയിൽ മണിക്കൂറിനകം നടപടി വേണം: ഹൈക്കോടതി

Tuesday 24 May 2022 12:37 AM IST

കൊച്ചി: ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകളും കുട്ടികളും പരാതി നൽകിയാൽ ഒരു മണിക്കൂറിനകം തുടർനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പീഡനക്കേസിൽ ഇരയായ ഒരു യുവതി അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിവിധ മാ‌ർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഇടക്കാല ഉത്തരവ് നൽകിയത്. പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പരുണ്ടാവുകയാണ് ആദ്യം വേണ്ടതെന്നും നിലവിലുള്ള നടപടികൾ പലതും കടലാസിൽ ഉറങ്ങുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പീഡനക്കേസിലെ ഇരകൾക്ക് പരാതിപ്പെടാനുള്ള 112 എന്ന ടോൾ ഫ്രീ നമ്പറിന് പ്രചാരണം നൽകണം. പൊലീസിന്റെ ടോൾ ഫ്രീ നമ്പരായ 100 ലേക്കോ 112 ലേക്കോ ഇത്തരം പരാതി ലഭിച്ചാലുടൻ അതു രജിസ്റ്റർ ചെയ്യണം. പരാതി നൽകാനും പരാതികളിലെ തുടർനടപടികൾക്കും വിവിധ മാർഗനിർദ്ദേശങ്ങൾ നൽകിയ ഹൈക്കോടതി,

ഹർജി ജൂൺ എട്ടിനു വീണ്ടും പരിഗണിക്കാൻ മാറ്റി.

മറ്റു നിർദ്ദേശങ്ങൾ

പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കോ കൺട്രോൾ റൂമിലേക്കോ കൈമാറണം

 ടോൾ ഫ്രീ നമ്പരിലേക്കുള്ള കാളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം

 പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് ഇരയെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം

 ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. ചുമതലയുള്ള ഉദ്യോഗസ്ഥൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം

ഇരയുടെ വീട്ടിലോ അവർ ആവശ്യപ്പെടുന്ന സ്ഥലത്തോ വച്ചു മൊഴി രേഖപ്പെടുത്തണം

 മൊഴിയെടുക്കുമ്പോൾ മാതാപിതാക്കളുടെയോ ഉറ്റ ബന്ധുവിന്റെയോ സാമൂഹ്യപ്രവർത്തകരുടെയോ സാന്നിദ്ധ്യം വേണം.

 ഇരയ്ക്ക് പിന്തുണയും സംരക്ഷണവും ഉറപ്പാക്കാൻ 24 മണിക്കൂറിനകം വിക്ടിം ലെയ്സൺ ഓഫീസറെ ചുമതലപ്പെടുത്തണം.

 ഇരയുടെ മാനസിക സംഘർഷങ്ങൾ പരിഹരിക്കാൻ വിക്ടിം റൈറ്റ് സെന്ററിന്റെയോ വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെയോ നമ്പർ നൽകണം

 ഇരകൾക്ക് ഈ സെന്ററുകളിൽ 24 മണിക്കൂറും ബന്ധപ്പെടാൻ സൗകര്യമുണ്ടാകണം

 ഇത്തരം സെന്ററുകൾ ആവശ്യമെങ്കിൽ നിയമസഹായവും നൽകണം

 വിചാരണ പൂർത്തിയാകും വരെ ഇത്തരം സഹായങ്ങൾ തുടരണം.

Advertisement
Advertisement