തൊഴിൽ നിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം : എ.ഐ.ടി.യു.സി

Tuesday 24 May 2022 12:00 AM IST

തൃശൂർ : തൊഴിൽ നിയമങ്ങളുടെ പരിരക്ഷ തൊഴിലാളികൾക്ക് ഉറപ്പാക്കണമെന്നും മിനിമം വേതനം 700 രൂപയായി വർദ്ധിപ്പിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൊഴിൽ നിയമങ്ങളുടെ പരിരക്ഷ ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം.

ഗ്രാറ്റ്വിവിറ്റി, പെൻഷൻ, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് വ്യാപകമായി ഉണ്ടാകുന്നുണ്ട്. മിനിമം കൂലി 600 രൂപ നൽകണമെന്ന് നിയമം ഉണ്ടെങ്കിലും പല മേഖലകളിലും 400 രൂപ വരെ നൽകുന്നതായും എ.ഐ.ടി.യു.സി കുറ്റപ്പെടുത്തി. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കുക, കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാൻ കഴിയുന്ന മദ്യനയം ആവിഷ്‌കരിക്കുക, സ്‌കൂൾ പാചക തൊഴിലാളികൾക്ക് അവധിക്കാലത്തെ ശമ്പളം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ചാലക്കുടിയിൽ നടന്ന എ.ഐ.ടി.യു.സി സംസ്ഥാന നേതൃക്യാമ്പിൽ ആവശ്യപ്പെട്ടതായും കെ.പി.രാജേന്ദ്രൻ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, പ്രസിഡന്റ് ടി.കെ.സുധീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement