യു.ഡി.എഫുകാർ വികസനത്തിന് തുരങ്കം വയ്ക്കുന്നവർ: മുഖ്യമന്ത്രി

Tuesday 24 May 2022 12:45 AM IST

കൊച്ചി: സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ് യു.ഡി.എഫിലും കോൺഗ്രസിലുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണിയെന്ന നിലയിൽ മാത്രമല്ല, സർക്കാരെന്ന നിലയിലും യു.ഡി.എഫ് പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ പൂണിത്തുറയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാത വികസനത്തിലുൾപ്പെടെ യു.ഡി.എഫിന്റെ കെടുകാര്യസ്ഥത കണ്ടറിഞ്ഞതാണ്. എൽ.ഡി.എഫ് സർക്കാർ ചർച്ചകൾ സജീവമാക്കിയപ്പോൾ സ്ഥലമേറ്റെടുപ്പിന് ചെലവാകുന്ന തുകയുടെ 25ശതമാനം സർക്കാർ നൽകണമെന്ന് കേന്ദ്രം നിലപാടെടുത്തു. കോൺഗ്രസിന്റെ കെടുകാര്യസ്ഥതയ്ക്ക് സംസ്ഥാനം നൽകേണ്ടി വന്നത് 5,000 കോടി രൂപയാണ്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസിനാകുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം കൃത്യമായി നൽകിയില്ല. വിദേശങ്ങളിൽ നിന്ന് ലഭിക്കുമായിരുന്ന സഹായങ്ങൾ മുടക്കി. സംസ്ഥാന സർക്കാർ എല്ലാ പ്രതിസന്ധിക്കാലത്തും ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോയി. ക്ഷേമ - വികസന പ്രവർത്തനങ്ങളാണ് സർക്കാരിന് ദേശീയ - അന്തർദേശീയ അംഗീകാരങ്ങൾ നേടിത്തന്നതെന്നും അദ്ദേഹം പറഞ്ഞു.എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ് കുമാർ എന്നിവരും സംസാരിച്ചു.

Advertisement
Advertisement