മുന്നറിയിപ്പില്ലാതെ പേട്ട-പള്ളിമുക്ക് റോഡ് ടാറിംഗ്, ചുറ്റിത്തിരിഞ്ഞ് യാത്രക്കാർ

Tuesday 24 May 2022 12:38 AM IST

 ടാറിംഗ് ഇന്നും തുടരും

തിരുവനന്തപുരം: മില്ലിംഗ് നടത്തി താറുമാറായ പേട്ട - പള്ളിമുക്ക് റോഡിൽ മുന്നറിയിപ്പില്ലാതെ ടാറിംഗ് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെ ആരംഭിച്ചപ്പോൾ പേട്ട ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ആനയറ വഴിയും പള്ളിമുക്കിൽ നിന്നുള്ളവ കണ്ണമ്മൂല ഭാഗത്തേക്കും തിരിച്ചുവിട്ടു. ജനറൽ ആശുപത്രി ഭാഗത്തെ വാഹന ഗതാഗതം നിയന്ത്രിച്ചത് രോഗികളെയടക്കും ബുദ്ധിമുട്ടിലാക്കി.

മുന്നറിയിപ്പില്ലാതെയാണ് വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് പേട്ട പൊലീസും അറിയിച്ചു. കുരുക്കിൽപ്പെടാതെ ഇടറോഡുകളിൽ അഭയം തേടിയവർ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിൽ വാഹനങ്ങൾ നിരനിരയായി എത്തിയതാണ് കാരണം. രാത്രിയോടെ ഒരു വശത്തെ ടാറിംഗ് എ.കെ.ജി സെന്ററിന് സമീപം വരെയെത്തിച്ച് ഗതാഗതം പൂർവ സ്ഥിതിയിലാക്കി. ഏറെ പരാതികൾക്കും ആക്ഷേപങ്ങൾക്കുമൊടുവിലാണ് മില്ലിംഗ് നടത്തിയ റോ‌ഡ് ടാറിംഗ് ആരംഭിച്ചതെങ്കിലും മുന്നറിയിപ്പ് നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്.

വില്ലൻ കാലാവസ്ഥ

സാധാരണ രാത്രി സമയത്താണ് ടാറിംഗ് നടത്തിയിരുന്നതെങ്കിലും മഴ കാരണമാണ് ടാറിംഗ് പകൽ നടത്തിയതെന്ന് ട്രിവാൻഡ്രം റോഡ് ഡെവലപ്മെന്റ് കമ്പനി അധികൃതർ അറിയിച്ചു. പേട്ട ഓവർബ്രിഡ്ജിൽ ഞായറാഴ്ച രാത്രിയിൽ ടാറിംഗ് ആരംഭിച്ചെങ്കിലും മഴ കാരണം നിറുത്തേണ്ടിവന്നു. റബറൈസ്ഡ് ടാറിംഗായതിനാൽ മഴയുള്ള സമയത്ത് ചെയ്യാനാവില്ല. മൂന്ന് ദിവസം പകൽ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതനുസരിച്ചാണ് ടാറിംഗ് ആരംഭിച്ചത്.

പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സന്ദർശനവും പെട്ടെന്നുള്ള ടാറിംഗിന് ഒരു കാരണമാണ്. ഇന്ന് രാവിലെ 11 മുതൽ മറുവശത്തേ റോഡിൽ ടാറിംഗുണ്ടാകുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement