മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിനെ സം‌സ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ  അനക്കം; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ

Tuesday 24 May 2022 10:44 AM IST

ജമ്മു: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് പുനർജന്മം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് കരുതി സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞിന് അനക്കമുള്ളതായി കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ബാങ്കോട് സ്വദേശി ബഷാരത്ത് അഹമ്മദിന്റെ ഭാര്യയാണ് തിങ്കളാഴ്ച കുഞ്ഞിന് ജന്മം നൽകിയത്.

എന്നാൽ,​ ലേബർറൂമിൽ നിന്നും പുറത്തു വന്ന ആശുപത്രി ജീവനക്കാർ കുഞ്ഞ് മരിച്ചെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. സംസ്കരിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞിന് അനക്കമുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്.

ഉടൻ തന്നെ ആശുപത്രിയിലേക്ക് കുഞ്ഞിനെ തിരിച്ചെത്തിക്കുകയായിരുന്നു. നിലവിൽ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement