ആക്രമിക്കപ്പെട്ട നടിയെ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്നു; എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫിന് മടിയില്ലെന്ന് ഇ പി ജയരാജൻ

Tuesday 24 May 2022 10:46 AM IST

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.

'തിരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ല. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിനറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്ക്കൊപ്പമാണ്'- എൽ ഡി എഫ് കൺവീനർ വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ സമ്മർദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു. ജു‌‌ഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.