അച്ഛനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്, കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്; നിരപരാധിയെന്ന് ആവർത്തിച്ച് കിരൺ
Tuesday 24 May 2022 12:22 PM IST
കൊല്ലം: ശിക്ഷയിൽ ഇളവ് നൽകണമെന്ന് വിസ്മയ കേസിലെ പ്രതി കിരൺകുമാർ. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി കിരണിനോട് ചോദിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും സുഖമില്ല, കുടുംബത്തിന്റെ ഏക ആശ്രയം താനാണ്, പ്രായം പരിഗണിക്കണം എന്നൊക്കെയായിരുന്നു കിരൺ പറഞ്ഞത്.
ഓര്‍മക്കുറവുള്ള അച്ഛന് അപകടം സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അമ്മയും രോഗിയാണ്. പ്രമേഹവും വാതവും രക്തസമ്മർദവും ഉൾപ്പടെയുള്ള അസുഖങ്ങളുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന് കിരൺ പറഞ്ഞു.
വിസ്‌മയ ആത്മഹത്യ ചെയ്‌തതാണെന്നും താൻ നിരപരാധിയാണെന്നും പ്രതി പറഞ്ഞു. കേസിൽ കിരണിനെതിരായ ശിക്ഷ ഉടൻ പ്രഖ്യാപിക്കും. കിരണിന്റെ പ്രായം പരിഗണിച്ച് ജീവപര്യന്തം വിധിക്കരുതെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.