മുണ്ട് പറിച്ചെടുക്കുന്നയാളെ കെട്ടിയിട്ട നാട്ടുകാർക്ക് കിട്ടിയത് മുട്ടൻപണി
ഓ മൈ ഗോഡ് മുന്നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കി. ഈ അവസരത്തിൽ ആഘോഷങ്ങൾ മാറ്റി വച്ച് മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സമൂഹം കൈകാര്യം ചെയ്യുന്ന രീതി പരീക്ഷിക്കുന്ന എപ്പിസോഡായിരുന്നു മുന്നൂറ്. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ഈ സ്പെഷ്യൽ എപ്പിസോഡ്. ആദ്യം പ്രാങ്ക് പിന്നെ പുറം ലോകം കാണാത്ത കഥ പ്രേക്ഷകരെ കാണിക്കാനുള്ള ശ്രമമായിരുന്നു.
മാനസിക വെല്ലുവിളികൾ അനുഭവിക്കുന്നയാൾ പൊതുയിടങ്ങളിൽ നേരിടുന്ന പ്രശ്നമെന്ന നിലയിൽ വഴിയാത്രക്കാരുടെ മുണ്ട് പറിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് പ്രാങ്ക്.ഈ വിഷയത്തിൽ നാട്ടുകാരും കച്ചവടക്കാരും ഇടപെടുന്ന രസമുള്ള നിമിഷങ്ങൾ നിറയ്ക്കുന്നുണ്ട് എപ്പിസോഡ്.
രണ്ടാം ഭാഗത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങളുടെ കണ്ണീർക്കഥ ആരും കാണാത്ത കഥയായിരുന്നു. വിശന്ന് വലയുമ്പോൾ അമ്മയെ തല്ലിയും അച്ഛനെ മർദ്ദിച്ചും കഴിയുന്ന ജീവിതം ഓ മൈ ഗോഡ് പ്രേക്ഷകരെ കാണിച്ചു. ഓ മൈ ഗോഡിൻ്റെ ക്യാമറക്കണ്ണുകൾ മിഴി തുറന്നപ്പോൾ പുറം ലോകം അറിഞ്ഞത് ഉള്ളുലയ്ക്കുന്ന തീരാവേദനയുടെ കഥയാണ്.
27 വയസ്സുള്ള മകൻ സന്തോഷ് കുമാറും 22 കാരി സൗമ്യയുമാണ് ജനനം മുതൽ മാനസിക വെല്ലുവിളികൾക്ക് അടിമയായത്. മക്കളുടെ അവസ്ഥ ഇങ്ങനെയായതുകൊണ്ട് അച്ഛൻ ഗോപാലകൃഷ്ണനും അമ്മ ശകുന്തയും വീട് വിട്ട് പുറത്തേയ്ക്ക് പോലും ഇറങ്ങാറില്ല. മക്കൾ ഏത് നിമിഷവും വയലന്റാവും. വീടിനുള്ളിൽ പരസ്പരം സഹോദരങ്ങൾ അടിക്കുകയും മർദ്ദിക്കുകയും ചെയ്യും. ഈ അടിപിടിയിൽ അച്ഛനും അമ്മയ്ക്കും കാര്യമായ പരിക്കുകകളും ഏൽക്കാറുണ്ട്. റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരി മാത്രമാണ് ഈ നാലംഗ കുടുംബത്തിൻ്റെ ഭക്ഷണം.
വീടിന്റെ തട്ടിൽ നിന്ന് കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നു. ചുമരുകൾ ഇടിഞ്ഞു. വിസർജ്യങ്ങൾക്കിടയിൽ വാരിവലിച്ചിട്ട പഴയ തുണികൾക്കിടയിലാണ് ഇവരുടെ ഉറക്കം. തിരുവനന്തപുരം ജില്ലയിൽ പാലോടിനടുത്ത് ചെറ്റച്ചൽ എട്ടേക്കർ സൂര്യകാന്തിയിലാണ് സ്വന്തമായി ഭൂമി പോലുമില്ലാത്ത ഈ കുടുംബം കഴിയുന്നത്.
ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾക്ക് പകരം ഉടുക്കാൻ ഒന്നുമില്ല. പുറത്തു നിന്ന് വരുന്നവരോട് മക്കൾ വയലൻറായി പെരുമാറുന്നതുകൊണ്ട് സഹായിക്കാൻ ഇവിടേയ്ക്ക് ആരും വരാറുമില്ല. ഈ കുടുംബത്തിൻ്റെ ദുരവസ്ഥ കേട്ടറിഞ്ഞ് കുടുംബത്തിനുള്ള ഭക്ഷണ സാധനങ്ങളും വിട്ടു പകരണങ്ങളും നൽകാനാണ് ഓ മൈ ഗോഡ് സംഘം എത്തിയത്. ഓ മൈ ഗോഡിന്റെ മുന്നൂറാമത് എപ്പിസോഡിന്റെ ഭാഗമായാണ് ഈ ചാരിറ്റി . പ്രദീപ് മരുതത്തൂരാണ് പ്രോഗ്രാമിൻ്റെ സംവിധായകൻ.