കമ്പനി തുറന്നപ്പോൾ പഴയ കരാർ തൊഴിലാളികൾ പുറത്ത്.

Wednesday 25 May 2022 12:00 AM IST

കോട്ടയം. വെള്ളൂരിലെ എച്ച്.എൻ.എൽ കമ്പനിയുടെ ഭാഗമായിരുന്ന കരാർ തൊഴിലാളികൾ അവഗണനയിൽ. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്സ് എന്ന പേരിൽ പുനരാരംഭിച്ചെങ്കിലും പഴയ കമ്പനിയുടെ ഭാഗമായിരുന്ന കരാർ തൊഴിലാളികളെ ജോലിക്ക് പരിഗണിക്കുന്നില്ല. 1982 ഫെബ്രുവരി 26 ന് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങിയ എച്ച്.എൻ.എല്ലിൽ 2100 ഓളം സ്ഥിരം തൊഴിലാളികളും 1000നു മുകളിൽ കരാർ തൊഴിലാളികളും ഉണ്ടായിരുന്നു.

സ്ഥിരം തൊഴിലാളികൾക്ക് സമാനമായ ജോലികളാണ് കരാർ തൊഴിലാളികളും ചെയ്തിരുന്നത്. ഇന്ന് 200ൽ താഴെ കരാർ ജീവനക്കാരേ ശേഷിക്കുന്നുള്ളൂ. ഇവരിൽ 40 വയസിൽ താഴെയുള്ളത് ചുരുക്കം ആളുകൾ മാത്രം. കമ്പനി തുറക്കുമ്പോൾ തിരിച്ചെടുക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ കമ്പനി തുറക്കുന്നതിന്റെ ആഘോഷങ്ങളിൽ ഇവർക്ക് ഇടമില്ലാതെ പോയി. മാനേജ്‌മെന്റിന് താത്പര്യമുള്ളവരെ മാത്രമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്.

പി.ആർ അംഗീകരിച്ച 580 കരാർ തൊഴിലാളികളുടെ കുടിശിക ഇനത്തിൽ കിട്ടേണ്ട ഗ്രാറ്റുവിറ്റിയും ശമ്പളവും പി.എഫും എല്ലാം തൊഴിലാളികൾക്ക് ഇപ്പൊഴും കിട്ടാക്കനിയാണ്. മറ്റ് മാർഗങ്ങളില്ലാതെ കൂലിപ്പണി, മത്സ്യ വിൽപ്പന, ലോട്ടറി വിൽപ്പന എന്നിവയ്ക്കുപോയി കുടുംബം പുലർത്തേണ്ട സ്ഥിതിയാണ് കരാർ ജീവനക്കാർക്ക്. കെ.പി.പി.എൽ സ്‌പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണനു മുന്നിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ല. കമ്പനി തുറന്നുവെന്ന് മേനി നടിക്കുന്ന സർക്കാർ തങ്ങളെ പട്ടിണിയിലേക്ക് വീണ്ടും തള്ളിവിടുന്നതിൽ നിരാശരാണ് കരാർ തൊഴിലാളികൾ.

Advertisement
Advertisement