കുത്തബ് മിനാറിൽ ആരാധന വേണ്ടെന്ന് പുരാവസ്തു വകുപ്പ്
ന്യൂഡൽഹി: കുത്തബ് മിനാറിൽ ആരാധന അനുവദിക്കാനാകില്ലെന്ന് പുരാവസ്തു സംരക്ഷണ വകുപ്പ് ഡൽഹിയിലെ സാകേത് ജില്ലാ കോടതിയെ അറിയിച്ചു. കുത്തബ് മിനാർ സമുച്ചയത്തിൽ ഹിന്ദു, ജൈനമത വിഗ്രഹങ്ങൾ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി തേടിയുള്ള ഹർജിയിലാണ് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഹർജിയിൽ ജൂൺ 9ന് അഡിഷണൽ ജില്ലാ ജഡ്ജി നിഖിൽ ചോപ്ര വിധി പറയും.
27 ക്ഷേത്രങ്ങൾ തകർത്ത ശേഷമാണ് കുത്തബ് മിനാർ സമുച്ചയത്തിലുള്ള ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹർജിക്കാരുടെ അവകാശവാദം. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ കോടതിയിൽ വ്യക്തമാക്കി. 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന സ്ഥലത്ത് ആരാധന അനുവദിക്കാനാകില്ല. മൗലികാവകാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളിൽ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയിൽ വ്യക്തമാക്കി. പുരാവസ്തു വകുപ്പിന്റെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ തുടങ്ങിവച്ച വിവാദമാണ് വിശ്വഹിന്ദു പരിഷതും മറ്റ് ഹിന്ദു സംഘടനകളും ഏറ്റെടുത്തത്. കുത്തബ് മിനാർ നിർമ്മിച്ചത് മുഗൾ രാജാവായ കുത്തബ്‌ദിൻ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീർ ശർമ്മയുടെ നിലപാട്.