ആശങ്കയ്ക്ക് വിരാമം, പോട്ട കളയ്ക്കാട് പാടത്ത് നെല്ല് സംഭരണം തുടങ്ങി

Wednesday 25 May 2022 12:10 AM IST

ഹരിപ്പാട് : കർഷകരുടെ ആശങ്കയ്ക്ക് വിരാമമിട്ട് പോട്ട കളയ്ക്കാട് പാടശേഖരത്തിൽ നെല്ല് സംഭരണം ആരംഭിച്ചു. വീയപുരം കൃഷി ഭവൻ പരിധിയിലെ ജലോത്സവ പവലിയന് തെക്കാണ് പാടശേഖരം. ഇവിടെ 40 ഏക്കറിൽ വിളവെടുപ്പ് നടത്തി ആഴ്ചകൾ പിന്നിട്ടെങ്കിലും നെല്ല് സംഭരിക്കാൻ മില്ലുകാർ എത്തിയിരുന്നില്ല. പിന്നീട് ശക്തമായി മഴപെയ്തതോടെ സമീപത്തെ ചെറിയ പുരയിടത്തിലും ഫാം റോഡിലും ചാക്കിൽ നെല്ല് നിറച്ച് അട്ടിയാക്കി കർഷകർ കാത്തു കിടന്നു. എന്നാൽ ഫാം റോഡിന്റെ ശോചനീയാവസ്ഥ കാരണം ചെറുവാഹനങ്ങൾ പോലും എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.

വാഹനങ്ങൾക്ക് വരാൻ കഴിയാതായതോടെ 10 ദിവസത്തോളമാണ് കർഷകർ നെല്ലുമായി കാത്ത് കിടന്നത്. ലോറി എത്തുന്ന ഭാഗത്ത് വരെ തൊഴിലാളികളെ ഉപയോഗിച്ച് തലച്ചുമടായി നെല്ല് എത്തിക്കാൻ കർഷകരും പാടശേഖര സമിതിയും ആലോചിച്ചിരുന്നു. എന്നാൽ, അവസാന പരീക്ഷണം എന്ന നിലയിൽ ഫാം റോഡിന്റെ തകർന്ന ഭാഗങ്ങളിൽ ഓലയും മറ്റും നിരത്തി മിനി ടിപ്പർ ലോറി ഓടിച്ചു കയറ്റാൻ ശ്രമിച്ചു. ഇത് വിജയം കണ്ടതിനെ തുടർന്നാണ് നെല്ല് സംഭരണം ആരംഭിച്ചത്. പാടശേഖരത്ത് 60 ഏക്കറിലെ നെല്ല് ഇനിയും കൊയ്തെടുക്കാനുണ്ട്..അച്ചൻകോവിലാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് വൻപ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഇതിനു പുറമേ ശക്തമായി മഴയും പെയ്തതോടെ പാടത്ത് വെള്ളക്കെട്ടായി. നെൽച്ചെടികൾ പൂർണമായും നിലംപതിച്ച അവസ്ഥയിലാണ്. കൊയ്ത്തു മെതിയന്ത്രം പാടത്തിറക്കിയാൽ താഴും. വോൾട്ടേജ് ക്ഷാമം മൂലം പമ്പിംഗ് നടത്തി സമയബന്ധിതമായി വെള്ളം വറ്റിക്കാനും കഴിയുന്നില്ല.

Advertisement
Advertisement