റസ്റ്റോറന്റുകളിലെ സർവീസ് ചാർജ്: ജൂൺ 2ന് യോഗം
Wednesday 25 May 2022 12:42 AM IST
തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് റസ്റ്റോറന്റുകൾ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകിയെങ്കിലും ഫലം കാണാനിടയില്ല. ചില മുന്തിയ ഹോട്ടലുകൾ ഭക്ഷണബില്ലിൽ 10 ശതമാനം വരെ സർവീസ് ചാർജ് ഈടാക്കുന്നതായാണ് പരാതി. ഭക്ഷണത്തിന്റെ ഗുണമേന്മ അടക്കമുള്ളവ ഉറപ്പുവരുത്തുന്നതിനുള്ള ചെലവാണെന്നാണ് ഹോട്ടലുടമകളുടെ വാദം.
2017ലെ കേന്ദ്ര ഉത്തരവ് അനുസരിച്ച് ബില്ലിലെ സർവീസ് ചാർജ് എന്ന ഭാഗം ഉപഭോക്താക്കളാകണം പൂരിപ്പിക്കേണ്ടത്. അല്ലാത്തപക്ഷം ഉപഭോക്തൃ കോടതിയെ സമീപിക്കാം. അതേസമയം, വിഷയം ചർച്ചചെയ്യാൻ ജൂൺ 2ന് കേന്ദ്രം ഹോട്ടലുടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, റസ്റ്റോറന്റുകൾ സർവീസ് ചാർജ് ഈടാക്കുന്നില്ലെന്നും കേന്ദ്ര ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് പറഞ്ഞു.