കോൺഗ്രസ് ചിന്തൻ ശിബിരം: രാഷ്‌ട്രീയ കാര്യ സമിതിയും ടാസ്ക് ഫോഴ്സും റെഡി

Wednesday 25 May 2022 12:15 AM IST

ന്യൂഡൽഹി: ഉദയ്‌പൂർ ചിന്തൻ ശിബിരത്തിന്റെ തീരുമാന പ്രകാരം , കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഉപദേശിക്കാനുള്ള എട്ടംഗ രാഷ്‌ട്രീയ കാര്യസമിതിക്കും ,2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കർമ്മ സമിതിക്കും ,ഒക്‌ടോബറിൽ തുടങ്ങുന്ന 'ഭാരത് ജോഡോ' യാത്രയ്‌ക്കുള്ള കേന്ദ്ര സമിതിക്കും രൂപം നൽകി.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാനിടയുള്ള രാഹുൽ ഗാന്ധിയാണ് രാഷ്‌ട്രീയ കാര്യ സമിതിയെ നയിക്കുക. സമിതികളിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ശശി തരൂർ, മുകുൾ വാസ്‌നിക് തുടങ്ങിയ ജി 23 നേതാക്കൾക്ക് പ്രാതിനിദ്ധ്യമുണ്ട്. ഇവർ നിർദ്ദേശിച്ച പാർലമെന്ററി ബോർഡിന് പകരമാണ് രാഷ്‌ട്രീയ കാര്യ സമിതി . സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാഷ്‌ട്രീയകാര്യ സമിതിയിലും ടാസ്ക് ഫോഴ്സിലും അംഗമാണ്. 2024ലെ തിരഞ്ഞെടുപ്പ് ആസൂത്രണ ചുമതല ലഭിക്കുമെന്ന് കരുതുന്ന പ്രിയങ്കാ ഗാന്ധി ടാസ്ക് ഫോഴ്സിലുണ്ട്.

ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് സംഘടന, മാദ്ധ്യമങ്ങൾ-ആശയവിനിയമയം, സാമ്പത്തികം, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തുടങ്ങിയ പ്രത്യേക ചുമതല നൽകും. ടാസ്ക് ഫോഴ്സ് ആദ്യ യോഗം ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്നു.

രാഷ്‌ട്രീയ കാര്യ സമിതി: രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, ഗുലാം നബി ആസാദ്, അംബികാ സോണി, ദിഗ്‌വിജയ് സിംഗ്, ആനന്ദ് ശർമ്മ, കെ.സി. വേണുഗോപാൽ, ജിതേന്ദ്ര സിംഗ്.

ടാസ്ക് ഫോഴ്സ്: പി. ചിദംബരം, മുകുൾ വാസ്‌നിക്, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്കാ ഗാന്ധി, രൺദീപ് സിംഗ് സുർജെവാല, സുനിൽ കനുഗൊലു. ‌

ഭാരത് ജോഡോ യാത്ര ആസൂത്രണം: ദിഗ്‌വിജയ് സിംഗ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രവ്നീത് സിംഗ് ബിട്ടു, കെ.ജെ. ജോർജ്, ജോതി മണി, പ്രത്യുത് ബോർഡോലോയ്, ജിതു പദ്‌വാരി, സലീം അഹമ്മദ് ( ടാസ്ക് ഫോഴ്സ് അംഗങ്ങളും പോഷക സംഘടനാ മേധാവികളും എക്സ് ഒഫീഷ്യോ അംഗങ്ങളാണ്)

Advertisement
Advertisement