പഠനമികവും തൊഴിൽക്ഷേമവും ഒത്തുചേരുന്ന പിറന്നാൾ

Wednesday 25 May 2022 2:00 AM IST

രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തിൽ നേട്ടങ്ങളുടെ അമരത്താണ് വിദ്യാഭ്യാസ, തൊഴിൽ വകുപ്പുകൾ. അനവധി വിദ്യാർത്ഥി കേന്ദ്രീകൃത തൊഴിലാളി ക്ഷേമപദ്ധതികൾ പ്രാവർത്തികമാക്കി. മഹാമാരിക്കിടയിലും ഓൺലൈൻ ക്ളാസുകളും പരീക്ഷകളും നടത്തി കുട്ടികളുടെ പഠനം മുടങ്ങാതെ നോക്കിയതു തന്നെയാണ് പ്രധാന നേട്ടം. ​

ലിംഗസമത്വമായി

സ്കൂളുകൾ

ബോയ്സ്, ഗേൾസ് സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളാക്കാൻ ആരംഭിച്ചു. യൂണിഫോമിലും ജെൻഡർ ന്യൂട്രാലിറ്റി നിലവിൽ വരുത്തി. ഓൺലൈൻ, ഡിജിറ്റൽ പഠനം കൂടുതൽ കാര്യക്ഷമമാക്കികൊണ്ട് കൈറ്റ് വിക്ടേഴ്സിൽ 'ഫസ്റ്റ് ബെൽ 2.0' എന്ന പേരിൽ ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു. മലയോര പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികളുടെ പഠന വിടവ് പരിഹരിക്കാൻ പ്രത്യേകശ്രദ്ധ നൽകി. സംസ്ഥാനത്ത് 1,51,132 ഡിജിറ്റൽ ഉപകരണങ്ങൾ ഇന്റർനെറ്റ് കണക്‌ഷൻ ഉൾപ്പെടെ നൽകി. ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി. പരീക്ഷകളും പരീക്ഷാഫലവും സമയബന്ധിതമായി പൂർത്തിയാക്കി. അമ്മമാർക്കായി സൈബർസുരക്ഷാ പരിശീലനം ഏർപ്പെടുത്തി. പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അധിക പിന്തുണയ്ക്കായി 1486 സ്‌പെഷ്യൽ കെയർ സെന്ററുകൾ. കാഴ്ച പരിമിതരായ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സഹായകമായി 'ശ്രുതി പാഠം' ഓഡിയോ ലൈബ്രറി. ഹയർ സെക്കൻഡറിയിൽ 75 പുതിയ താത്കാലിക ബാച്ചുകൾ. 16 വർഷത്തിനു ശേഷം പ്ളസ് ടു പരീക്ഷാ മാനുവൽ പുറത്തിറക്കി. പാഠ്യപദ്ധതി പരിഷ്കരണ സമിതിയെ തിരഞ്ഞെടുത്തു. പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ്മസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ആറായിരത്തിലധികം പുതിയ നിയമനങ്ങൾ. 3200 ലധികം അദ്ധ്യാപക നിയമനങ്ങൾ.

തൊഴിലാളി ക്ഷേമം

തൊഴിലാളി ക്ഷേമത്തോടൊപ്പം തൊഴിൽ വകുപ്പ് ഊന്നൽ നൽകിയത് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം നിലനിറുത്താനാണ്. ആരോഗ്യകരമായ തൊഴിൽദായക തൊഴിലാളി ബന്ധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണ് വകുപ്പ് നടത്തിയത്.

ഓൺലൈൻ

രജിസ്‌ട്രേഷൻ

തൊഴിൽ മേഖലയിലെ സ്ഥാപനങ്ങൾക്ക് തൊഴിൽ നിയമങ്ങൾ പ്രകാരം ആർജിക്കേണ്ട രജിസ്‌ട്രേഷൻ, ലൈസൻസ്, റിന്യൂവൽ എന്നീ സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ അപേക്ഷ, ഫീസ് എന്നിവയ്ക്ക് ഓൺലൈൻ സംവിധാനമൊരുക്കി.

കൊവിഡ് ധനസഹായത്തിന്റെ രണ്ടാം ഘട്ടത്തിൽ 210 കോടി രൂപ വിതരണം ചെയ്തു. സാമ്പത്തിക ഭദ്രതയുള്ള ബോർഡുകൾ വഴി 100 കോടി രൂപയ്ക്കടുത്ത് വിതരണം ചെയ്തു.

അന്യസംസ്ഥാന

തൊഴിലാളി ക്ഷേമം

അന്യസംസ്ഥാന തൊഴിലാളികൾക്ക് സമയബന്ധിതമായി കൊവിഡ് വാക്സിൻ നൽകി. ഇവരുടെ താമസസൗകര്യം ഉറപ്പാക്കാൻ ഗസ്റ്റ് വർക്കേഴ്സ് ഫ്രണ്ട്ലി റസിഡൻസ് ഇൻ കേരള നടപ്പിലാക്കി. ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ അഞ്ചു ലക്ഷത്തിൽപരം തൊഴിലാളികളെ ആവാസ് പദ്ധതിക്കു കീഴിൽ കൊണ്ടുവന്നു.

പുരസ്‌കാരങ്ങൾ

17 തൊഴിൽ വിഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച തൊഴിലാളികളെ കണ്ടെത്തി അവർക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച എട്ട് മേഖലകളിലായി തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ മികവിന്റെ പുരസ്‌കാരവും 85 സ്ഥാപനങ്ങൾക്ക് വജ്രപുരസ്‌കാരവും 117 സ്ഥാപനങ്ങൾക്ക് സുവർണ പുരസ്‌കാരവും നൽകി.

സഹജ കോൾ സെന്ററും

സ്റ്റുഡിയോ അപ്പാർട്ട്മെന്റും

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വകുപ്പിനെ നേരിട്ട് അറിയിക്കാനായി സഹജ കാൾ സെന്റർ സജ്ജമാക്കി. നഗര പ്രദേശങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് മികച്ച നിലവാരത്തിൽ ഉള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഏർപ്പെടുത്താൻ മേനംകുളത്തെ കിൻഫ്രപാർക്കിൽ ആറ് നിലകളിലായി 130 യൂണിറ്റുകളുള്ള സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് സജ്ജമാക്കാൻ നടപടികൾ തുടരുന്നു.

അഡ്വാൻസ്ഡ് ഇൻഫർമേഷൻ

ഇന്റർഫേസ് സിസ്റ്റം

തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളെയും ഡിജിറ്റലൈസ് ചെയ്യുന്നതിനും ഒന്നിലധികം ബോർഡുകളിൽ അംഗത്വമെടുക്കുന്നത് ഒഴിവാക്കുന്നതിനും അഡ്വാൻസ്ഡ് സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽവന്നു.

കേരള സവാരി

ഓൺലൈൻ ടാക്സി

വാണിജ്യ വാഹനങ്ങൾക്കായി ഊബർ, ഓല മാതൃകയിൽ സർക്കാർ നിയന്ത്രണത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനം കേരള സവാരി എന്ന പേരിൽ ആരംഭിക്കാനും ഇതിന്റെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരത്ത് നടപ്പാക്കാനും നടപടികൾ പുരോഗമിക്കുന്നു.

സിവിൽ സർവീസ് അക്കാഡമി

തൊഴിലാളികളുടെ ആശ്രിതർക്കായി കിലെ സിവിൽ സർവീസ് അക്കാഡമി ആരംഭിച്ചു.

തൊഴിൽ നൽകൽ

കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ അഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ 'സങ്കല്പ് ' പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി എല്ലാജില്ലകളിലും തൊഴിൽമേളകൾ നടത്തുന്നു.

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും അശരണരായ വനിതകൾക്കും മുതിർന്ന പൗരന്മാർക്കും സ്വയംതൊഴിൽ ആരംഭിക്കാൻ പലിശരഹിത വായ്പകൾ അനുവദിച്ചു. കൊട്ടാരക്കര കേന്ദ്രമായി കരിയർ ഡെവലപ്‌മെന്റ് സെന്റർ തൊഴിൽ രഹിതർക്കും വിദ്യാർത്ഥികൾക്കുമായി നേമം മണ്ഡലത്തിൽ കരമന കേന്ദ്രമായും ചേലക്കര മണ്ഡലത്തിൽ മുള്ളൂർക്കര കേന്ദ്രമായും പുതിയ സിഡിസി ആരംഭിക്കാൻ ഉത്തരവ് നൽകി.

............................

വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി

കുട്ടികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കാണ് വിദ്യാഭ്യാസ വകുപ്പ് മുൻതൂക്കം നൽകുക. തൊഴിലാളി ക്ഷേമത്തോടൊപ്പം മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും ഓരോ തൊഴിലാളിക്കും ഉറപ്പു നൽകുന്നു.

Advertisement
Advertisement