പുട്ടിനെ വധിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

Wednesday 25 May 2022 3:55 AM IST

കീവ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നേരെ രണ്ട് മാസം മുമ്പ് വധശ്രമം നടന്നെന്ന അവകാശവാദവുമായി യുക്രെയിൻ ഡിഫൻസ് ഇന്റലിജൻസ് തലവൻ മേജർ ജനറൽ കിറൈലോ ബുഡനോവ്. ഫെബ്രുവരി 24ന് യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കരിങ്കടലിനും കാസ്പിയൻ കടലിനും മദ്ധ്യേയുള്ള കോക്കാസസ് മേഖലയിൽ വച്ചായിരുന്നു വധശ്രമമെന്ന് ബുഡനോവ് പറഞ്ഞു.

പുട്ടിൻ ആക്രമിക്കപ്പെട്ടെന്ന് കോക്കാസസിലെ പ്രതിനിധികൾ പറഞ്ഞതായി ബുഡനോവ് ഒരു യുക്രെയിൻ മാദ്ധ്യമത്തോട് വ്യക്തമാക്കി. അതേ സമയം, വധശ്രമം പരാജയമായിരുന്നതായി ബുഡനോവ് കൂട്ടിച്ചേർത്തു. അതേ സമയം, ബുഡനോവിന്റെ വാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റഷ്യയും ഇതിൽ പ്രതികരിച്ചിട്ടില്ല.

കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിൽ അർമേനിയ, അസർബൈജാൻ, ജോർജിയ, റഷ്യയുടെ ചില തെക്കൻ ഭാഗങ്ങൾ എന്നിവ ചേരുന്നതാണ് കോക്കാസസ്. കോക്കേഷ്യ എന്നും ഇവിടം അറിയപ്പെടുന്നു.

Advertisement
Advertisement