ഐ പി എൽ വാതുവയ്‌പിനായി ഒരു കോടിയോളം രൂപ എഫ് ഡി തട്ടിയെടുത്ത് പോസ്റ്റ്‌മാസ്റ്റർ; കബളിപ്പിച്ചത് 24 കുടുംബങ്ങളെ

Wednesday 25 May 2022 11:10 AM IST

ഭോപ്പാൽ: പോസ്റ്റ് ഓഫീസിൽ സ്ഥിരനിക്ഷേപത്തിനെന്ന (ഫിക്സഡ് ഡെപ്പോസിറ്റ്, എഫ് ഡി) വ്യാജേന നിരവധി ആളുകളിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത് ഐപിഎൽ വാതുവയ്പിന് ഉപയോഗിച്ച പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ ബിന സബ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്ററായ വിശാൽ അഹിർവാറിയാണ് അറസ്റ്റിലാത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഐപിഎൽ വാതുവയ്പിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി വിശാൽ പൊലീസിനോട് സമ്മതിച്ചു. പോസ്റ്റ് ഓഫീസിൽ എഫ് ഡി അക്കൗണ്ട് തുടങ്ങാനെന്ന വ്യാജേന 24 കുടുംബങ്ങളുടെ പണമാണ് ഇയാൾ തട്ടിയെടുത്തത്. പണം സ്വീകരിച്ചതിന് ശേഷം അക്കൗണ്ട് തുടങ്ങാതെ വ്യാജ സർട്ടിഫിക്കറ്റും പാസ്‌ബുക്കും നൽകി കബളിപ്പിക്കുകയായിരുന്നു.

അടുത്തിടെ ഒരു യുവതി കൊവിഡ് ബാധിച്ച് മരണപ്പെട്ട ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഒൻപത് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിൻവലിക്കാനെത്തിയപ്പോഴാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുന്നത്. തട്ടിപ്പിൽ കിഷോരി ഭായ് എന്ന വയോധികയ്ക്ക് അഞ്ചുലക്ഷം രൂപയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന് 18 ലക്ഷം രൂപയും നഷ്ടപ്പെട്ടു.