മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ കോൺഗ്രസ് വിട്ടു; സമാജ്‌വാദി പാർട്ടി പിന്തുണയോടെ രാജ്യസഭയിലേക്ക്

Wednesday 25 May 2022 2:06 PM IST

ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പാർട്ടി വിട്ടു. സമാജ്‌വാദി പാർട്ടിയുടെ(എസ് പി) പിന്തുണയോടെ അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കും. എസ് പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്.

ഈ മാസം പതിനാറിന് കോൺഗ്രസ് അംഗത്വം രാജിവച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ശബ്ദമാകാൻ താൻ ആഗ്രക്കുന്നുവെന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നാമനിർദേശ പത്രിക നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിനെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അടുത്ത മാസമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുന്ന ജി 23 കൂട്ടായ്മയിലെ അംഗമായിരുന്നു കപിൽ സിബൽ. അടുത്തിടെ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.