വിസ്‌മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് അഭിനന്ദിച്ച് മമ്മൂട്ടി, ചിത്രങ്ങൾ കാണാം

Wednesday 25 May 2022 4:47 PM IST

വിസ്‌മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അന്വേഷണ സംഘത്തെ നയിച്ച ശാസ്താംകോട്ട ഡി.വൈ.എസ്‌പി പി.രാജ്‌കുമാറിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

കൊച്ചിയിലെ പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോഴാണ് രാജ്‌കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ.

കേരള പൊലീസുമായി ചേര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തിയ ലഹരി വിരുദ്ധ ക്യാംപെയ്‌നുകള്‍ നയിച്ചത് രാജ്‌കുമാറാണ്. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സ്ഥാപനമാണ് കെയര്‍ ആന്റ് ഷെയര്‍.

ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് അദ്ദേഹം ഹ്രസ്വ സിനിമകളും സംവിധാനം ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് മമ്മൂട്ടിയെ രാജ്‌കുമാർ സന്ദർശിച്ചത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും മമ്മൂട്ടിയെ കാണാൻ എത്തിയിരുന്നു.