വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളിൽ പി സി ജോർജ് അറസ്‌റ്റിൽ; ഹൈക്കോടതി തീരുമാനമറിഞ്ഞ ശേഷം പ്രതികരിക്കുമെന്ന് ജോർജ്

Wednesday 25 May 2022 7:31 PM IST

കൊച്ചി: വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് അറസ്‌റ്റിൽ. കൊച്ചി പൊലീസാണ് അറസ്‌റ്റ് ചെയ്‌ത ശേഷം അദ്ദേഹത്തെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിലവിൽ എ.ആർ ക്യാമ്പിൽ നിന്ന് തിരുവനന്തപുരം പൊലീസ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. ഫോർട്ട് പൊലീസിന് കൊച്ചി പൊലീസ് അദ്ദേഹത്തെ കൈമാറി.

അതേസമയം താൻ സത്യം മാത്രമേ പറഞ്ഞിട്ടുള‌ളുവെന്നാണ് പി.സി ജോർജ് പ്രതികരിച്ചത്. കൂടുതൽ പ്രതികരിക്കാനില്ല. ഹൈക്കോടതി ജാമ്യം അനുവദിച്ചാൽ താൻ കൂടുതൽ പ്രതികരിക്കുമെന്ന് ജോർജ് അറിയിച്ചു.

നേരത്തെ ജാമ്യം റദ്ദാക്കിയതോടെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പി.സി ജോർജ് കീഴടങ്ങിയിരുന്നു. നിയമം പാലിക്കുമെന്ന് കീഴടങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ഈ സമയം ജോർജിന് അനുകൂലമായി ബിജെപി പ്രവർത്തകരും പ്രതികൂലമായി പിഡിപി പ്രവർത്തകരും ഇവിടെ സംഘടിച്ചിരുന്നു.

പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊതു പ്രസ്താവനകൾ പാടില്ലെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മേയ് എട്ടിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലെ പ്രസംഗമാണ് വിവാദമായത്. ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് കേസെടുത്തത്‌. ഈ കേസിലാണ് ഇപ്പോൾ അറസ്‌റ്റുണ്ടായത്.

Advertisement
Advertisement